മൂലമറ്റം: മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഡിൻ കുര്യാക്കോസ് എം പി, എം എം മണി എം എൽ എ എന്നിവർ പങ്കെടുക്കും. നിലവിലുള്ള സെക്ഷൻ ഓഫീസിന് സമീപം മൂലമറ്റം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനടുത്ത് കെ.എസ്.ഇ.ബി. വക സ്ഥലത്ത് ഇരു നിലകളിലായിട്ടാണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്. മുൻപ് വിവിധ കാരണങ്ങളാൽ അനുമതി ലഭിക്കാതിരുന്ന കെട്ടിട നിർമ്മാണം മുൻ വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് യാഥാർത്ഥ്യമാകുന്നത്. 1978 മാർച്ചിലാണ് സെക്ഷൻ ഓഫീസ് കെ.എസ്.ഇ.ബി. വക ക്വാർട്ടേഴ്‌സിൽ മൂലമറ്റത്ത് പ്രവർത്തനമാരംഭിച്ചത്.