fire

കട്ടപ്പന: അണക്കരയിൽ തീപിടുത്തത്തെ തുടർന്ന് വീട് കത്തിനശിച്ചു.പാമ്പുപാറ പുതുമനമേട് പണികണ്ഠവിലാസം സുബ്രഹ്മണ്യന്റെ വീടാണ് വ്യാഴാഴ്ച്ച രാത്രി അഗ്‌നിക്ക് ഇരയായത്. വീടിനുള്ളിൽഉറങ്ങിക്കിടന്നിരുന്ന നാല് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.അകത്തുണ്ടായിരുന്ന വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു.രാത്രി എട്ടരയോടെ ആണ് തീപിടുത്തമുണ്ടായത്.കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയിൽ നിന്നുമാണ് അഗ്‌നി പടർന്നത്.കൂലിപ്പണിക്ക് പോയിരുന്ന സുബ്രഹ്മണ്യനും മകൻ കാർത്തിക്കും വീട്ടിൽ ഉണ്ടായിരുന്നില്ല. ചെറുതോണിയിൽ ജോലിക്ക് പോയിരുന്ന കാർത്തിക്കിനെ ഫോൺ ചെയ്യുന്നതിനായി മാതാവ് വനിതാമണി സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്.വീട്ടിൽനിന്നും തീ ഉയരുന്നത് തൊട്ടടുത്ത് താമസിക്കുന്ന മകളുടെ ഭർത്താവ് കണ്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്.ഉടൻതന്നെ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന കട്ടിലുകൾ, അലമാര, ടിവി, മറ്റ് വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു.വീടിന്റെ മേൽക്കൂരയും തകർന്ന നിലയിലാണ്.നാല് കുട്ടികൾ ഉൾപ്പെടെ ഏഴ് അംഗ കുടുംബം രണ്ടു മുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്. അപ്രതീക്ഷിത തീപിടുത്തം ഉണ്ടായതോടെ വസ്ത്രങ്ങൾ അടക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നിർദ്ധന കുടുംബം.