ചെറുതോണി: തെരുവോരങ്ങളിൽ നിന്നും പിടികൂടി വന്ധ്യംകരണം നടത്തിയ നായ്ക്കളെ വനമേഖലയിൽ കൂട്ടത്തോടെ തുറന്ന് വിടുന്നു,നിരുപദ്രവകാരികളായ വന്യമൃഗങ്ങൾക്ക്നേരെ നായ്ക്കളുടെ ആക്രമണം പെരുകി. ഇടുക്കി ജലാശയത്തിനും, മെഡിക്കൽ കോളേജിനോടും ചേർന്ന് കിടക്കുന്നവനമേഖലയിൽ അധിവസിക്കുന്ന മ്ലാവ്, കേഴ കൂരമാൻ, കാട്ടു മുയൽ, വെരുക് തുടങ്ങിയ വന്യജീവികളെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുന്നത്.. വെള്ളിയാഴ്ച്ച പകൽ ഇടുക്കി ആർച്ച് ഡാമിന് താഴെ ഒരു മ്ലാവിൻ കുട്ടിയെ തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ തെരുവ് നായ്ക്കളെ ഓടിച്ച് മ്ലാവിൻ കുട്ടിയെ രക്ഷപെടുത്തി നഗരംമ്പാറ ഫോറസ്റ്റ് സ്‌റ്റേഷൻ റസ്‌ക്യൂ സെന്ററിൽ എത്തിച്ച് വൈദ്യ സഹായം നല്കി സുരക്ഷിതമായി പാർപ്പിച്ചിരിക്കയാണ്. ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ ഉടൻ മ്ലാവിൻ കുട്ടിയെ വനത്തിൽ വിടുമെന്ന് വനപാലകർ പറത്തു വെള്ളാപ്പാറ, പാറേമാവ്, ഇടുക്കി മെഡിക്കൽ കോളേജിന്റെ പരിസര പ്രദേശങ്ങൾ ഉൾപ്പെടുന്ന വനമേഖലകളിൽ വിവിധ പഞ്ചായത്തുകളിൽ നിന്നും പിടിക്കുന്ന തെരുവ് നായ്ക്കളെ അധികൃതർ ചുമതലപ്പെടുത്തിയിട്ടുള്ള കരാറുകാർ നായ്ക്കളെ വന്ധീകരണം നടത്തി കൂട്ടത്തോടെ കൊണ്ട് വിടുന്നതായി വ്യാപകമായി പരാതി ഉണ്ട്. ഇത്തരത്തിൽ സംരക്ഷിതവനമേഖലയിൽ കൊണ്ടു വിടുന്ന തെരുവ് നായ്ക്ൾക വന്യജീവികളെ കൂട്ടം ചേർന്ന് ക്രൂരമായി ആക്രമിച്ച് പരിക്കേൽപിക്കുന്നതും കൊല്ലുന്നതും സമീപകാലങ്ങളിൽ കൂടിവരികയാണ്. പഞ്ചായത്തുകളിൽ നിന്നും പിടിക്കുന്ന തെരുവ് നായ്ക്കളെ വന്ധീകരണത്തിന് ശേഷം മെഡിക്കൽ കോളേജിന് പരിസരത്തുള്ള വന മേഖലയിൽ തുറന്ന് വിടുന്നത് അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു. സംരക്ഷിതവനമേഖലയിൽ തെരുവ് നായ്ക്കളെ ഉപേക്ഷിക്കുന്ന കരാറുകാരെ പഞ്ചായത്തുകൾ നിയന്ത്രിക്കണമെന്ന് വനപാലകരും ആവശ്യപ്പെട്ടു
വഴിമാറിപ്പോകണം
അല്ലെങ്കിൽ കടിയേൽക്കും
ചെറുതോണിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കാൽനടയായി എത്തുന്ന പൊതുജനങ്ങൾക്കും തെരുവ് നായ്ക്കളുടെ ആക്രമണം നേരിടേണ്ടിവരാറുണ്ട് .ഓടിച്ച് വിടാൻ ശ്രമിച്ചാൽ കൂട്ടത്തോടെവന്ന് ആക്രമിക്കുമെന്നതിനാൽ വഴിമാറിപ്പോകാനേ വഴിയാത്രക്കാർക്ക് നിർവ്വാഹമുള്ളു.