തൊടുപുഴ: നൈറ്റ്ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് എം.കെ സജിമോനെ ഒരു കൂട്ടം ആളുകൾ അകാരണമായി അസഭ്യം പറയുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത നടപടിയിൽ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. നിരന്തരം ഇത്തരം പ്രവണതകളും ജീവനക്കാർക്കെതിരെ മോശമായ പെരുമാറ്റവും ഉണ്ടായിട്ടും അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് കൈയ്യേറ്റത്തിൽ വരെ എത്തുന്നതിന് സാഹചര്യം സൃഷ്ടിച്ചത്. താഴെ തട്ടിൽ ആവശ്യമായ ജീവനക്കാരെ വിന്യസിക്കാതെ ദുരിതപൂർണ്ണമായ തൊഴിൽ സാഹചര്യമാണ് അടിസ്ഥാന വിഭാഗം ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ നിലനിൽക്കുന്നത്. അതോടൊപ്പമാണ് ശാരീരിക ആക്രമണങ്ങളും അധിക്ഷേപങ്ങളും പതിവാകുന്നത്. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നടപടി​ ഉണ്ടായി​ല്ലെങ്കി​ൽ പണിമുടക്ക് ഉൾപ്പടെയുള്ള സമരമാർഗ്ഗങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ, ജില്ലാ സെക്രട്ടറി വി.ആർ ബീനാമോൾ എന്നിവർ അറിയിച്ചു.