 
പീരുമേട്: കേരളത്തിന്റെ രാമോജി റാവു ഫിലിം സിറ്റിയായി മാറുമോ നമ്മുടെ സ്വന്തം വാഗമൺ? വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്രിൽ വാഗമണ്ണിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇതിനായി രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വർഷങ്ങളായി പൂട്ടി കിടക്കുന്ന നിരവധി തോട്ടങ്ങൾ വാഗമണ്ണിലും പരിസരപ്രദേശങ്ങളിലുമുണ്ട്. സർക്കാരിന്റെ കൈവശമുള്ള മൊട്ടക്കുന്നുകളും പൈൻമരക്കാടുകളും പാരഗ്ലൈഡിങ് പോയിന്റും ഡയറി ഫാമും കൂടി ചേർന്നാൽ രാമോജി ഫിലിം സിറ്റിയുടെ ഇരട്ടിയിലധികം സ്ഥലം വരും. ഹൈദരാബാദിലെ രാമോജിയിൽ കൃതിമമായുണ്ടാക്കിയതെല്ലാം ഇവിടെ സ്വാഭാവികമായുണ്ട്. ഹൈദ്രാബാദിനേക്കാൾ മികച്ച കാലാവസ്ഥയും പ്രകൃതി ഭംഗിയുമുള്ള വാഗമൺ നേരത്തെ തന്നെ സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, മലയാളം എന്നീ ഭാഷകളിലുള്ല ചിത്രങ്ങൾ വാഗമൺ, പരുന്തുംപാറ, തേക്കടി എന്നിവിടങ്ങളിൽ പലപ്പോഴായി ചിത്രീകരിച്ചിട്ടുണ്ട്.
ഫിലിംസിറ്റി യാഥാർത്ഥ്യമായാൽ കേരളത്തിലെ സ്വിറ്റ്‌സർലണ്ടെന്ന് അറിയപ്പെടുന്ന വാഗമണ്ണിന്റെ മുഖച്ഛായ തന്നെ മാറും. ഇന്നലെ വരെ സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം മാത്രമായിരുന്ന വാഗമൺ തെന്നിന്ത്യൻ സിനിമയുടെ പറുദീസയായി മാറും. സിനിമാക്കാർ മാത്രമല്ല മൂന്നാറും തേക്കടിയും സന്ദർശിച്ച ശേഷം കുമരകത്തിനും കോവളത്തിനുമൊക്കെ പോകുന്ന സഞ്ചാരികളുടെ യാത്ര ഭാവിയിൽ വാഗമൺ വഴിയാക്കും. ശമ്പരിമലയിലെത്തുന്നവരിൽ ഒരു വിഭാഗവും ഇവിടേക്കെത്തും. ഇതോടെ പതിനായിരക്കണക്കിന് സന്ദർശകരെത്തുന്ന വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായും ഫിലിംസിറ്റി വികസിക്കും. ഇതിനൊപ്പം സത്രം എയർസ്ട്രിപ്പ് കൂടി വന്നാൽ പിടിച്ചാൽകിട്ടാത്ത വികസനമാകും വാഗമണ്ണിനെ കാത്തിരിക്കുന്നത്. രണ്ട് സംസ്ഥാന പാതകളും ഇതുവഴി കടന്നുപോകുന്നതിനാൽ വൻതോതിൽ ടൂറിസം അനുബന്ധ വ്യവസായങ്ങളും പതിനായിരക്കണക്കിന് തൊഴിലും സൃഷ്ടിക്കപ്പെടും. ഇത് ജില്ലയുടെയാകെ വികസനത്തിന് കുതിപ്പേകും.
ഹൈദ്രാബാദ് രാമോജി ഫിലിംസിറ്റി
1996ൽ 3000 കോടി മുതൽ മുടക്കി 1666 ഏക്കർ വിസ്തൃതിയിൽ വികസിപ്പിച്ച ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റിയാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഫിലിംസിറ്റി. ആയിരത്തിലേറെ രൂപ ടിക്കറ്റെടുത്ത് പ്രതിധിനം അമ്പതിനായിരത്തിലധികം സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്. 500 ലേറെ ഷൂട്ടിങ് സെറ്റുകൾ, ബഡ്ജറ്റ്, ത്രീസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവ രാമോജിയുടെ പ്രത്യേകതകളാണ്.