തൊടുപുഴ: എസ് എസ് എൽ സി പരീക്ഷ നടത്തിപ്പിന് ജില്ലയിൽ വിദ്യാഭാസ വകുപ്പിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി. മോഡൽ പരീക്ഷ 16നും അവസാന പരീക്ഷ 31നുമാണ് ആരംഭിക്കുന്നത്. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങിയതോടെ അദ്ധ്യയനം കൂടുതൽ സജീവമായതും പാഠഭാഗങ്ങൾ നിശ്ചിത സമയത്ത് തന്നെ പഠിപ്പിച്ച് തീർക്കാൻ കഴിഞ്ഞതും നേട്ടമായി. പ്രതിസന്ധികളെ തരണം ചെയ്ത് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ കുട്ടികളെ സജ്ജരാക്കുന്നതിനുള്ള അന്തിമഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടക്കുന്നത്.


വിദ്യാർത്ഥികൾ11,628

ജില്ലയിൽ ആകെ 162 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ആൺകുട്ടികൾ 6,085, പെൺകുട്ടികൾ 5,543 എന്നിങ്ങനെ 11,628 വിദ്യാർത്ഥികളാണ് ഇത്തവണ ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതിൽ 3,391 പേർ സർക്കാർ സ്‌കൂളുകളിൽനിന്നും 7,371 പേർ എയ്ഡഡ് സ്‌കൂളുകളിൽ നിന്നും 661 പേർ അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്നും 205 പേർ ഐഎച്ച്ആർഡിയിൽ നിന്നുമാണ്.സർക്കാർ മേഖലയിൽ 79, എയ്ഡഡ് 70, അൺ എയ്ഡഡ് 8, ഐഎച്ച്ആർഡി 5, എന്ന കണക്കിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.


കൊവിഡ് വ്യാപനം പൂർണമായി മാറാത്ത സാഹചര്യത്തിൽ കഴിഞ്ഞതവണ പരീക്ഷക്ക് സ്വീകരിച്ച മുൻകരുതലുകളും മാനദണ്ഡങ്ങളും പൂർണമായും ഇത്തവണയും തുടരും. ഇതിന്റെ ഭാഗമായി ഓരോ സ്‌കൂളിലും പാഠഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചുകഴിഞ്ഞു. റിവിഷനാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കാൻ മാർഗനിർദേശങ്ങളും മറ്റും നൽകുന്നതിനും സംശയനിവാരണത്തിനും പല സ്‌കൂളുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെയും വൈകുന്നേരവുമായി പ്രത്യേകം ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതലും കുറവും വിദ്യാർഥികൾ ഏറ്റവും കൂടുതലുള്ളത് കല്ലാറിലാണ്. ഇവിടെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന സർക്കാർ സ്‌കൂൾ കല്ലാർ ജിഎച്ച്എസാണ്. 378 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. എയ്ഡഡിൽ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് എച്ച്എസ്എസും 322, അൺ എയ്ഡഡിൽ കട്ടപ്പന ഒസാനം ഇഎംഎസ്എച്ച്എസും 171 ,ഐഎച്ച്ആർഡിയിൽ അടിമാലി ടിഎച്ച്എസും84 എന്നിങ്ങനെയാണ് വിദ്യാർത്ഥികൾ. ഏറ്റവും കുറവ് വിദ്യാർഥികൾ യഥാക്രമം ശാന്തൻപാറ ജിഎച്ച്എസ് അഞ്ച്, മുക്കുളം എസ്ജിഎച്ച്എസ് ആറ്, നെടുങ്കണ്ടം എസ്ടിഎ മൂന്ന്, പുറപ്പുഴ ജിടിഎച്ച്എസ് 25 എന്നി സ്‌കൂളുകളിലാണ്.

തിളങ്ങിയ പോയവർഷം

കഴിഞ്ഞ തവണ 11,267 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. 99.38 ശതമാനം എന്ന റെക്കാർഡ് വിജയമാണ് ജില്ല നേടിയത്. 11,197 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 2,785 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.