മൂലമറ്റം: മൂലമറ്റത്ത് പുതിയതായി നിർമ്മാണം പൂർത്തീകരിച്ച ഇലക്ട്രിക് സെക്ഷന്റെ ഉദ്ഘാടനം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആധുനിക വൽക്കരണത്തിന്റെ പാതയിൽ വലിയമാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള വികസന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കിയിൽ നിന്നും ഇപ്പോഴുള്ളതിന് പുറമേ 800 മെഗാവാട്ട് വൈദ്യുതി കൂടി ഉത്പ്പാദിപ്പിക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്. മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിന്റെ പ്രവർത്തനങ്ങൾ പൊതുജനത്തിന് കാണുന്നതിനും മനസിലാക്കുന്നതിനും അവസരമൊരുക്കുന്ന എക്‌സിബിഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഡയറക്ടർ എസ്. രാജ് കുമാർ സ്വാഗതം പറഞ്ഞു. തൊടുപുഴ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഡി. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എൽ.ജോസഫ്, ഉഷാ ഗോപിനാഥ്, ഷിബു ജോസഫ്, വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പൂർത്തിയായത്

ആധുനിക കെട്ടിടം

1978 മാർച്ചിലാണ് മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെ.എസ്.ഇ.ബി.യുടെ ക്വാർട്ടേഴ്‌സിൽ പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 200 ൽ താഴെ ഉപഭോക്താക്കളുണ്ടായിരുന്നത്. ഇപ്പോൾ എച്ച്.ടി ഉപഭോക്താക്കൾ 7, ഇൻഡസ്ട്രിയൽ ഉപഭോക്താക്കൾ 132, കാർഷിക ഉപഭോക്താക്കൾ 273 എന്നിങ്ങനെ നിലവിൽ 17,979 ഉപഭോക്താക്കളുണ്ട്. അറക്കുളം, വെള്ളിയാമറ്റം (2 വാർഡ്), കുടയത്തൂർ, മുട്ടം (11 വാർഡ്), മോലുകാവ് (1 വാർഡ്) എന്നീ പഞ്ചായത്തു പ്രദേശങ്ങൾ മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലാണ്. അറക്കുളം പഞ്ചായത്തിലെ മുത്തിയുരുണ്ടയാർ മുതൽ മേലുകാവ് പഞ്ചായത്തിലെ പാണ്ഡ്യൻമാവ് വരെ 100 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് മൂലമറ്റം സെക്ഷൻ പരിധി. 40ൽപ്പരം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാർക്ക് സുഗമമായി ജോലി ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ആധുനിക സേവനങ്ങൾ നൽകുന്നതിന്റെയും ഭാഗമായാണ് മൂലമറ്റം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനടുത്ത് ആധുനിക രീതിയിലുള്ള കെട്ടിടം പൂർത്തിയാക്കിയത്. ഇതിനായി ബോർഡിന്റെ അധീനതയിലുളള 35.20 സെന്റ് സ്ഥലം മൂലമറ്റം ജനറേഷൻ സർക്കിളിൽ നിന്നും ലഭ്യമാക്കി. 70 ലക്ഷം രൂപ മുടക്കിയാണ് ഇരു നിലകളിലായി 2425 ചതുരശ്ര അടി വിസ്തീർണ്ണമുളള രണ്ട് നിലകെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ ഓഫീസിലെത്തുന്ന എല്ലാവർക്കും സൗകര്യപ്രദമായ വിധത്തിൽ ആധുനിക രീതിയലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ക്യാഷ് കൗണ്ടർ ഉൾപ്പെടെയുള്ള ഭാഗം പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മുകൾ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുക. ഇതിന് പുറമേ സെക്ഷൻ ഓഫീസ് കോമ്പൗണ്ടിൽ വിശാലമായ പാർക്കിങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.