നെടുങ്കണ്ടം: രാമക്കൽമേടിൽ അവശ നിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയ്ക്ക് കല്ലാർ സെക്ഷൻ ഓഫിസിൽ സുഖചികിത്സ. ഇന്നലെയാണ് രാമക്കൽമേട് ഓഫ് റോഡ് ജീപ്പ് സ്റ്റാൻഡിന് സമയം കാക്കക്കൂട്ടം ആക്രമിക്കുന്ന വെള്ളിമൂങ്ങയെ കണ്ടെത്തിയത്. ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ വെള്ളിമൂങ്ങയെ കാക്കകൂട്ടത്തിൽ നിന്നും ഒരു വിധത്തിൽ രക്ഷിച്ചത്. തുടർന്ന് സമീപത്തെ കടയിൽ ഒരു ബോക്‌സിനുള്ളിലാക്കിയ ശേഷം വിവരം വനംവകുപ്പിന്റെ കല്ലാർ സെക്ഷൻ ഓഫിസിൽ അറിയിച്ചു. കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ജി.മുരളി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ടി.എസ്.സുനീഷ് എന്നിവരടങ്ങിയ സംഘമെത്തി വെള്ളിമൂങ്ങയെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് വെള്ളിമൂങ്ങ. പഴം അടക്കമുള്ള വിഭവങ്ങൾ ഉദ്യോഗസ്ഥർ നൽകി. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അസ്വസ്ഥത പ്രകടിപ്പിച്ചാൽ വനംവകുപ്പിന്റെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റും. കാര്യമായ പ്രശ്‌നമില്ലെങ്കിൽ വനത്തിലേക്ക് തന്നെ തിരികെ വിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.