കുടയത്തൂർ: മങ്കൊമ്പുകാവിലെ ഉത്സവം 15ന് കൊടിയേറി 17ന് പൂരം ഇടിയോടുകൂടി സമാപിക്കും. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി അരുൺകുമാർ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 15ന് 4.30ന് പള്ളിയുണർത്തൽ, രാവിലെ ഏഴിന് കൊടിയേറ്റ്, സർപ്പപൂജ, വൈകിട്ട് വിശേഷാൽ ദീപാരാധന. 16ന് രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ പൊങ്കാല സമർപ്പണം നടക്കും (പണ്ടാര അടുപ്പിൽ മാത്രം). 10 മുതൽ കാഴ്ചശ്രീബലി, 11ന് മകം തൊഴൽ ദർശനം, 12 മുതൽ മഹാപ്രസാദ ഊട്ട്,​ വൈകിട്ട് ആറിന് കാഴ്ച ശ്രീബലിയും തുടർന്ന് എഴുന്നള്ളത്ത് താലം, നാദസ്വരം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ കൂടി ക്ഷേത്ര ഗോപുര സമീപത്തുനിന്നും ആരംഭിക്കും. രാത്രി എട്ട് മുതൽ മുടിയേറ്റ്, രാത്രി 12 മുതൽ ഗരുഢൻ തൂക്കം,​ 17ന് വൈകിട്ട് ആറിന് പതിനായിരം ദീപങ്ങൾ തെളിയിച്ചു കൊണ്ടുള്ള ദേശവിളക്ക് നടക്കും. 7.15ന് കളമെഴുത്തുംപാട്ടും, എട്ടിന് കൊടിയിറക്ക് തുടർന്ന് പൂരംഇടി വഴിപാട്. പൊങ്കാല ഇടാൻ ഈ വർഷവും ഭക്തർക്ക് അനുമതി ഇല്ലെങ്കിലും പണ്ടാര അടുപ്പിൽ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിനുള്ള പൂജാദ്രവ്യങ്ങൾ പൊങ്കാലയ്ക്ക് മുമ്പായി ഭക്തജനങ്ങൾക്ക് സമർപ്പിക്കാനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് മങ്കൊമ്പുകാവ് സെക്രട്ടറി ഷാജികുമാർ കാവുവിളയിൽ അറിയിച്ചു.