അറക്കുളം: അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി പ്രദേശത്തെ കുടിവെള്ള പദ്ധതികളുടെ തകരാറുകൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ മേമുട്ടം - പതിപ്പള്ളി കുടിവെള്ള പദ്ധതിയുടെ ടാങ്കുകൾ തകർന്നും പൈപ്പുകൾ ദ്രവിച്ചും പോയതിനാൽ പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ട്രൈബൽ ഡിപ്പാർട്ട്മെന്റ് അനുവദിച്ച 8 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തികൾക്കാണ് തുടക്കമായത്. കേടായ പൈപ്പുകൾ പൂർണ്ണമായും മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചും ടാങ്കുകൾ നവീകരിച്ചും പതിപ്പള്ളി വരെയുള്ള ജലവിതരണം ഉടൻ സാദ്ധ്യമാക്കുമെന്ന് പഞ്ചായത്തംഗം പി.എ. വേലുക്കുട്ടൻ അറിയിച്ചു. വാർഡിലുള്ള അഞ്ച് ജലനിധി പദ്ധതികളും കാലവർഷക്കെടുതിയിൽ തകർന്ന് പോയതിനാൽ ശുദ്ധ ജല വിതരണത്തിന് തടസം നേരിട്ടു. അഞ്ച് പദ്ധതികളിലെയും തകർന്ന പൈപ്പുകൾ, ടാങ്കുകൾ, മോട്ടോറുകൾ എന്നിവയുടെ പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപയും അനുവദിച്ചു. ഇതിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചു. ജലജീവൻ മിഷൻ പദ്ധതി പ്രകാരം പതിപ്പള്ളിയിൽ വലിയ ടാങ്ക് നിർമിച്ച് പുഴയിലെ വെള്ളം ശുചീകരിച്ച് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയും പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.