 
കട്ടപ്പന : ഹൈറേഞ്ചിലും വേനലിന്റെ തീവ്രത പ്രകടമായതോടെ കാട്ടുതീ പടരുന്നതും വർദ്ധിച്ചു. കഴിഞ്ഞ രണ്ട്ദിവസത്തിനിടെ മൂന്നിടത്താണ് ഏലത്തോട്ടങ്ങൾ കത്തി നശിച്ചത്. എല്ലായിടത്തും അഗ്‌നിശമന സേനയുടെ അവസരോചിത ഇടപെടൽ ഉണ്ടായത് നാശനഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു . ഞായറാഴ്ച്ച കട്ടപ്പന മേഖലയിൽ മാത്രം കൃഷിയിടത്തിൽ ഉൾപ്പെടെ അഞ്ചിടത്ത് തീപിടുത്തമുണ്ടായി.കാഞ്ചിയാർ ടൗണിലെ സഹകരണ ബാങ്ക് കെട്ടിടത്തിന് പിന്നിൽ മാലിന്യ കൂനയിൽ രാവിലെ 11 ഓടെ തീ പടർന്നത് ആശങ്ക പരത്തി. ബാങ്കും വളക്കടയും അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിന് പിന്നിലാണ് തീ പടർന്നത്. വലിയ രീതിയിൽ പുക ഉയർന്നതോടെ നാട്ടുകാർ കട്ടപ്പന ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി തീ അണയ്ക്കുകയും ചെയ്തു.സമയോചിത ഇടപെടലിനെ തുടർന്നാണ് ബാങ്ക് കെട്ടിടത്തിലേയ്ക്കും, അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് തീ പടരാതെ ഇരുന്നത്. തീ പിടുത്തമുണ്ടായ സ്ഥലത്തിനോട് ചേർന്നാണ് കാഞ്ചിയാർ പള്ളി സ്ഥിതി ചെയ്യുന്നത്. ഇതിന് പിന്നാലെ വാഴവരയിൽ കൃഷിയിടത്തിലേയ്ക്ക് തീ വ്യാപിച്ചെങ്കിലും വലിയ നാശനഷ്ടം ഉണ്ടാകുന്നതിന് മുൻപ് ഫയർഫോഴ്‌സിന് അണയ്ക്കാനായി.
മരിയാപുരത്ത് പുൽമേട്ടിൽ ഉണ്ടായ തീപിടുത്തം സമീപവാസിയായ വട്ടക്കുഴിയിൽ ഫ്രാൻസിസിന്റെ കൃഷിയിടത്തിലേക്ക് വ്യാപിക്കുന്നത് തടയാനായി.കട്ടപ്പനയിൽ നിന്ന് അഗ്‌നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൽത്തൊട്ടി തെക്കേമുണ്ടൻപടി അരുണിന്റെ കൃഷിയിടത്തിൽ തീപിടിച്ച് ഏലച്ചെടികൾ നശിച്ചത്.ഫയർഫോഴ്‌സ് എത്തിയതിനാൽ കൂടുതൽ കൃഷി നശിക്കുന്നത് തടയാൻ സാധിച്ചു.സാഗരാ ജംഗ്ഷന് സമീപം കല്ലുറുമ്പിൽ ജിലുവിന്റെ ഉടമസ്ഥതയിലുള്ള അര ഏക്കറോളം ഏലത്തോട്ടം കത്തിനശിച്ചു. വൈകിട്ട് നാലരയോടെയാണ് തീ പടർന്നത്. ഉടനെ തന്നെ ഫയർഫോഴ്‌സ് എത്തിയതിനാൽ കൂടുതൽ സ്ഥലത്തേയ്ക്ക് തീ പടരുന്നത് തടയാനായി.വ്യാഴാഴ്ച്ച കൊച്ചുതോവാളയിൽ മലയിൽ നിന്നും തീ വ്യാപിച്ച് ഒരേക്കർ ഏലത്തോട്ടം കത്തി നശിച്ചിരുന്നു.