മൂലമറ്റം : മദ്യലഹരിയിൽ പ്ലാവിൽ കയറിയ ഗൃഹനാഥനെ അഗ്‌നിശമന സേനയെത്തി അനുനയിപ്പിച്ച് താഴെയിറക്കി. മൂലമറ്റം ലക്ഷംവീട് കോളനിയിൽ അമ്പലക്കാട്ട് രവീന്ദ്രനാ(52)ണ് വീട്ടുമുറ്റത്തെ പ്ലാവിൽ കയറി വീട്ടുകാരെയും കോളനിവാസികളേയും ആശങ്കയിലാക്കിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 മണിയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്നാണ് പ്ലാവിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. വീട്ടുകാരും അയൽ വാസികളും ആവശ്യപ്പെട്ടിട്ടൊന്നും താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. വീട്ടിലുള്ളവർ പേടിച്ച് കാഞ്ഞാർ പൊലീസിൽ വിവരം അറിയിച്ചു. അഗ്‌നിശമന സേനയുടെ വാഹനത്തിന് കയറാൻ പറ്റാത്ത റോഡായതിനാൽ ബൈക്കിലാണ് സേനാംഗങ്ങൾ ഇവിടെയെത്തിയത്. അവരെത്തി സംസാരിച്ചതോടെ ചക്കയിടാൻ കയറിയതാണെന്നു പറഞ്ഞ് രവീന്ദ്രൻ താഴെയിറങ്ങാൻ തയ്യാറാവുകയായിരുന്നു. പൊലീസും സ്ഥലത്തെത്തിയിരുന്നു.