അന്തിമ ലിസ്റ്റ് അടുത്തമാസം

തൊടുപുഴ: പാവങ്ങൾക്ക് സൗജന്യമായി കിടപ്പാടമൊരുക്കുന്ന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്റെ ആദ്യഘട്ട പരിശോധന ജില്ലയിൽ പൂർത്തിയായപ്പോൾ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ടത് 38,​730 പേർ. രണ്ടാംഘട്ടമായ സൂപ്പർ പരിശോധന ഇന്ന് ആരംഭിച്ച് അന്തിമ ഗുണഭോക്തൃ പട്ടിക അടുത്ത മാസം 30നകം പുറത്തിറക്കും. ആകെ 56,​779 അപേക്ഷകളാണ് ഓൺലൈനിൽ ലഭിച്ചത്. ഇതിൽ 43,​852 പേർ ഭൂമിയുള്ള ഭവനരഹിതരും 12,​921 പേർ ഭൂരഹിതരായ ഭവനരഹിതരുമാണ്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ താമസ സ്ഥലങ്ങളിലെത്തി നടത്തിയ പരിശോധനയിലാണ് 38,​730 കുടുംബങ്ങൾ അർഹരാണെന്ന് കണ്ടെത്തിയത്. എന്നാൽ ഒരു വാർഡിൽ അപേക്ഷകരുടെ 40 ശതമാനത്തിൽ കൂടരുതൽ ഗുണഭോക്താക്കളുണ്ടാകരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം വാർഡുകൾ കേന്ദ്രീകരിച്ചാണ് സൂപ്പർ പരിശോധന നടത്തുന്നത്. ഇതിനായി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പ്രത്യേകം സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് ബ്ളോക്ക് തലത്തിലും ജില്ലാതലത്തിലും ആക്ഷേപങ്ങൾ സ്വീകരിക്കും. ഇതിന് ശേഷം ഗ്രാമസഭയുടെ അംഗീകാരം നേടിയ ശേഷം പഞ്ചായത്ത് സമിതികൾ പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകും. നേരത്തെ തദ്ദേശവികസനവകുപ്പും കൃഷിവകുപ്പും തമ്മിലുള്ള തമ്മിലടി കാരണം അപേക്ഷകളുടെ പരിശോധന വൈകിയിരുന്നു. പിന്നീട് സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് പ്രശ്നങ്ങൾ പരിഹരിച്ച് പരിശോധനാ നടപടി വേഗത്തിലാക്കിയത്.

ഉദ്യോഗസ്ഥർക്ക് നൽകേണ്ട രേഖകൾ

റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സാക്ഷ്യപത്രം, ഭൂമിയുടെ കരം അടച്ച രസീത്, മുൻഗണന ലഭിക്കുന്നതിനായി സമർപ്പിച്ച രേഖകൾ, ഭൂമിയില്ലാത്തവർ അതുസംബന്ധിച്ച സാക്ഷ്യപത്രം തുടങ്ങിയവയുടെ അസൽ പരിശോധനയ്ക്കായെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാക്കണം.

ലൈഫ് മിഷൻ ജില്ലയിൽ

ആകെ അപേക്ഷകർ- 56,​779

വീടില്ലാത്ത അപേക്ഷകർ- 43852

വീടും ഭൂമിയും ഇല്ലാത്തവർ- 12,​921

ആദ്യ ഘട്ട ഗുണഭോക്തൃ പട്ടിക

അർഹരായവർ ആകെ- 38,​730

വീടില്ലാത്തവർ- 27,​001

വീടും ഭൂമിയും ഇല്ലാത്തവർ- 11,​729

'ആകെ അപേക്ഷകരുടെ എണ്ണത്തിന്റെ 40 ശതമാനത്തിൽ കൂടുതൽ ഗുണഭോക്താക്കൾ ഉൾപ്പെട്ട ചില വാർഡുകൾ ജില്ലയിലുണ്ട്. അവിടങ്ങളിലാണ് സൂപ്പർ പരിശോധന നടക്കുക. ഇതിന് അടുത്ത മാസം അവസാനത്തോടെ പട്ടിക പുറത്തിറക്കാനാകും"

-സാജു സെബാസ്റ്റ്യൻ (ലൈഫ് മിഷൻ പ്രോജക്ട് ഡയറക്ടർ)