
ചെറുതോണി: ആലപ്പുഴ -മധുര സംസ്ഥാനപാതയിൽ വെൺമണിക്ക് സമീപം കമ്പകകാനത്ത് വാഹനാപകടങ്ങൾ പതിവാകുന്നു ഇന്നലെ രാവിലെ ചേലച്ചുവട് നിന്നും അമ്പതോളം യാത്രക്കാരുമായി തൊടുപുഴയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കമ്പകകാനത്തെ കുത്തിറക്കത്തിലെ കൊടുംവളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നതുമൂലം വൻ അപകടം ഒഴിവാകുകയുമായിരുന്നു അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസപ്പെട്ടു കാളിയാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വികരിച്ചു. കൊടും വളവുകളും കുത്തിറക്കവും നിറഞ്ഞ ഈ പ്രദേശത്ത് ചെറുതും വലുതുമായ അപകടങ്ങൾ തുടർച്ചയായി നടക്കാറുണ്ട്. ഇന്നലെ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ട അതെ സ്ഥലത്ത് ഏതാനും മാസങ്ങൾക്ക് മുന്നേ മറ്റൊരു ബസും അപകടത്തിൽപെടുകയും പതിനഞ്ചോളം യാത്രക്കാർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇരുവശങ്ങളിലും കൊക്കയോടുകൂടിയ റോഡിന്റെ വീതി കുറവും സംരക്ഷണഭിത്തിയുടെ അഭാവവുമാണ് അപകടങ്ങൾക്ക് കാരണമെന്നും ഇനിയും അപകടങ്ങൾക്ക് കാത്ത് നിൽക്കാതെ കള്ളിപ്പാറ മുതൽ കമ്പകകാനം വരെയുള്ള ഭാഗങ്ങളിൽറോഡിന് വീതി കൂട്ടി സംരക്ഷണഭിത്തി നിർമിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.