 
പീരുമേട്: പ്രളയവും കൊവിഡും മൂലം എല്ലാ മേഖലയിലുമുണ്ടായ തിരിച്ചടിക്കിടയിലും വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. ചുരുങ്ങിയ കാലയളവിനുള്ലിൽ തന്നെ സാമൂഹിക സേവനമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനവും നടത്താൻ പഞ്ചായത്ത് ശ്രദ്ധിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി 52 ലക്ഷം രൂപ ചെലവഴിച്ച് പൈപ്പുകൾ സ്ഥാപിക്കുന്നതിനും കുടിവെള്ളമെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. റോഡുകൾ കോൺക്രീറ്റ് ചെയ്യാനും നവീകരിക്കാനുമായി 87 ലക്ഷം രൂപ ചെലവഴിക്കാനായി. എസ്.സി പദ്ധതി പ്രകാരം 23 കുട്ടികൾക്ക് പഠനമുറി നിർമിക്കുന്നതിന് 46 ലക്ഷം രൂപ ചെലവഴിച്ചു. ലാപ് ടോപ്പ് വാങ്ങുന്നതിന് 15 രൂപ അനുവദിച്ചു. എസ്.സി പ്രോജക്ട് പ്രകാരം സ്‌കോളർഷിപ്പായി 18.5 ലക്ഷം രൂപ അനുവദിച്ചു. പാപ്പെട്ടവർക്ക് വാട്ടർ ടാങ്കിന് 6.4 ലക്ഷം രൂപ ചെലവഴിച്ചു. വിദ്യാർത്ഥികൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ ആറ് ലക്ഷം രൂപയും ചെലവഴിച്ചു. പാവപ്പട്ട എസ്.സി. വിദഗത്തിൽപ്പെട്ട 60 വയസിന് മുകളിലുള്ള 200 പേർക്ക് കട്ടിൽ വാങ്ങി നൽകി. ഇതിനായി 18 ലക്ഷം രൂപ ചെലവഴിച്ചു. കർഷകർക്ക് വേപ്പിൻ പിണ്ണാക്കും കുമ്മായവും വാങ്ങാൻ 32 ലക്ഷം രൂപ അനുവദിച്ചു. മൃഗസംരക്ഷണത്തിന് പതിനഞ്ചു ലക്ഷം രൂപയും അനുവദിച്ചു. തെരുവ് വിളക്ക് സ്ഥാപിക്കാനായി ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി സത്രത്തിനടുത്ത് മൗണ്ടിൽ മാലിന്യസംസ്‌കരണ പ്ലാന്റ് നിർമ്മിച്ചിരുന്നു. മാലിന്യം സംസ്‌കരിച്ച് ജൈവ വളമാക്കുന്ന ക്ലീൻകേരള പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗ്യാസ് അധിഷ്ടിത പൊതു ശ്മശാനത്തിന് 52 ലക്ഷം രൂപയും വാളാടി പൊതു ശ്മശാനത്തിന് 46.56 ലക്ഷം രൂപയും അനുവദിച്ചു. കാർഷികമേഖലയിലടക്കമുള്ള പ്രതിസന്ധികൾ അതിജീവിച്ച് തനതു വരുമാനം കണ്ടെത്തി കൂടുതൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത്.
പ്രധാനം പാർപ്പിടം
തോട്ടം തൊഴിലാളികളേറെ അധിവസിക്കുന്ന പഞ്ചായത്താണ് വണ്ടിപ്പെരിയാർ. എന്നാൽ ഭൂരിഭാഗം പേർക്കും സ്വന്തമായി വീടോ ഒരു തുണ്ട് ഭൂമിയോ പോലുമില്ല. എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന ഇവർ വിരമിച്ച ശേഷം തെരുവിലേക്കിറങ്ങേണ്ട സ്ഥിതിയായിരുന്നു. അതിനാൽ പാർപ്പിടമില്ലാത്തവർക്കെല്ലാം വീട് നൽകുക എന്ന സർക്കാർ തീരുമാനം നടപ്പിലാക്കാനാണ് പഞ്ചായത്ത് പ്രമുഖ പരിഗണന നൽകുന്നത്. 23 വാർഡിലെയും അർഹരായവരെ കണ്ടെത്തി ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നിർമിച്ചു നൽകുകയെന്ന ദൗത്യം പഞ്ചായത്ത് ഏറ്റെടുത്തിരിക്കുകയാണ്. അതനുസരിച്ച് 2021- 22 സാമ്പത്തിക വർഷം 86 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കാനായി.