തൊടുപുഴ: കാഞ്ഞിരമറ്റം ബൈപ്പാസിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപത്തെ കടകളിൽ വെള്ളവും ചെളിയും കയറി. ഞായറാഴ്ച രാത്രി 12 മുതൽ റബർ മാർക്കറ്റിംഗ് സൊസൈറ്റിയ്ക്ക് മുന്നിലാണ് പൈപ്പ് പൊട്ട് വെള്ളം കുത്തിയൊലിച്ചത്. പൊലീസാണ് പൈപ്പ് പൊട്ടി വെള്ളമൊഴുകുന്ന വിവരം വാട്ടർ അതോറിട്ടിയെ അറിയിച്ചത്. പ്രദേശത്തെ വസ്ത്ര വ്യാപാര കടയായ ശ്രീധർ കസവു ഭവനിൽ വെള്ളം കയറി വസ്ത്രങ്ങൾ നശിച്ചതായി കടയുടമ ഗോപകുമാർ പറഞ്ഞു. രാവിലെ എട്ടരയോടെ പരിചയക്കാരാണ് പ്രദേശത്ത് പൈപ്പ് പൊട്ടി കടയ്ക്കുള്ളിൽ വെള്ളം കയറുന്നെന്ന വിവരം പറഞ്ഞത്. ഒമ്പത് മണിയോടെ കടയിലെത്തുമ്പോൾ ചെളിക്കുഴിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വെള്ളം ഒഴുകി റോഡിലെ ടാറിംഗും നശിച്ചിട്ടുണ്ട്. കടയുടെ അടിത്തട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം നശിച്ചു. കട കഴുകിയതിന് ശേഷമാണ് തുറന്നത്. സമീപത്തെ അങ്ങാടിക്കടക്ക് മുന്നിൽ മൺകൂനയായിരുന്നു. പൈപ്പ് പൊട്ടി വെള്ളം നിലച്ചതിനാൽ ഈ ഭാഗത്തുണ്ടായ ഹോട്ടലിനടക്കം പ്രവർത്തിക്കാൻ കഴിഞ്ഞില്ല. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് പലയിടത്തും സ്ഥാപിച്ചിരിക്കുന്നതെന്നും ഇതാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു. പൈപ്പു പൊട്ടി റോഡും തകർന്നിട്ടുണ്ട്. എന്നാൽ റോഡ് കുഴിക്കാൻ പൊതുമരാമത്ത് അധികൃതർ ഇപ്പോൾ അനുമതി നൽകുന്നില്ല. അതിനാൽ തകരാർ പരിഹരിക്കൽ വൈകാനാണ് സാദ്ധ്യത. ഇതോടെ നഗരത്തിൽ ജലവിതരണവും മുടങ്ങിയേക്കും.