
തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയോട് അനുബന്ധിച്ച് സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെല്ലി (സാർക്) നായി റവന്യു വകുപ്പ് കൈമാറിയ ഭൂമി ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. റവന്യു വകുപ്പിന്റെ അധീനതയിലുള്ള 43.24 സെന്റ് പുറം പോക്ക് ഭൂമിയാണ് ഗവൺമെന്റ് വിട്ടു നൽകിയത്. സ്‌പോട്‌സ് വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളോടെ പ്രത്യേക കെട്ടിടം നിർമ്മിക്കുന്നതിനായി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ വിശദ റിപ്പോർട്ട് ആശുപത്രി അധികൃതർ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജില്ലാ വികസന കമ്മീഷണറുടെ സന്ദർശനം. ഭൂമി ലഭ്യമായതോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനാണ് ആലോചന.
കേരളത്തിലെ രണ്ടാമത്തെ സ്‌പോട്‌സ് ആശുപത്രി
തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെൽ 2009ലാണ് പ്രവർത്തനം ആരംഭിച്ചത്. ജില്ലയിലെ സ്‌കൂൾ കോളേജ് കായിക താരങ്ങൾക്ക് പുറമേ സംസ്ഥാന ദേശീയ അന്തർദേശീയ കായിക താരങ്ങൾ വരെ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. റിസർച്ച് സെൽ ആരംഭിച്ചതിനുശേഷം 385 അന്തർദേശീയ താരങ്ങൾക്കും 1960 ദേശീയ താരങ്ങൾക്കും സേവനം ലഭ്യമാക്കാനായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രതിവർഷം 5000 ൽ അധികം കായികതാരങ്ങൾക്ക് ഇവിടെ നിന്നും ചികിത്സ നൽകി വരുന്നുണ്ട്. താരങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടി പഞ്ചകർമ്മ ചികിത്സ, മർമ്മ ചികിത്സ, ഞവരക്കിഴി, പിഴിച്ചിൽ, ധാര തുടങ്ങിയവയും രസായന ഔഷധങ്ങളും ഉൾപ്പെടുത്തിയുള്ള ചികിത്സയും ഇവിടെ നിന്നും നൽകിവരുന്നു. ജില്ലയിലെ കായിക താരങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും കായിക മേളകളോടനുബന്ധിച്ച് പ്രാഥമിക ശുശ്രൂഷ, മോട്ടിവേഷണൽ ട്രെയിനിങ് എന്നിവയും നൽകിവരുന്നു. ഇപ്പോൾ ലഭ്യമായ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്‌പോർട്‌സ് ആയുർവേദ വിഭാഗം തുടങ്ങുന്നതിലേക്കായി ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അർജുൻ പാണ്ഡ്യൻ പറഞ്ഞു.