
ഇടുക്കി: ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായുള്ള ഹിയറിംഗ് നടപടികൾ ആരംഭിച്ചു. കുഞ്ചിതണ്ണി വില്ലേജിലെ ഗൂണഭോക്താക്കളെയാണ് ഇന്നലെ കളക്ടറേറ്റിൽ ഹിയറിങിന് വിളിച്ചത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഹിയറിംഗ്. 35 പട്ടയ ഫയലുകളന്മേൽ 44 പേരുടെ നിയമ സാധുത പരശോധിക്കാനായിരുന്നു ഇന്നലെ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 33 പട്ടയ ഫയലുകളുമായി ബന്ധപ്പെട്ടവർ ഹിയറിംഗ് നടപടികളിൽ ഹാജരായി. ഹാജരാകാത്ത പട്ടയഫയലുകൾക്കായി മാർച്ച് 21 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വീണ്ടും ഹിയറിംഗ് നടത്തും. ദേവികുളത്ത് നടത്തിയ ഹിയറിംഗിൽ വരാൻ സാധിക്കാത്തവർക്ക് മറ്റൊരു ദിവസം നടത്തും. ഹിയറിംഗിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, ഡെപ്യൂട്ടി കളക്ടർ മനോജ് കെ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.