pallivasal2
പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഷി ലോഡ്ജിന്റെ ശിലാസ്ഥാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാർ നിർവ്വഹിക്കുന്നു

പള്ളിവാസൽ: മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ഷീ ലോഡ്ജിന്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .ജി പ്രതീഷ്‌കുമാർ നിർവ്വഹിച്ചു. പള്ളിവാസൽ രണ്ടാംമൈലിലാണ് ഷീലോഡ്ജ് നിർമ്മിക്കുന്നത് . ആദ്യഘട്ടത്തിൽ 4 മുറികളും 18 പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററിയും സജ്ജീകരിക്കും. ക്യാന്റീൻ സൗകര്യവും ഒരുക്കും. വനിതകൾക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുകയെന്നതിനൊപ്പം തദ്ദേശീയരായ വനിതകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും കൂടി പദ്ധതിക്കുണ്ട്.പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ആദ്യഘട്ട നിർമ്മാണ ജോലികൾക്കായി ഉപയോഗിക്കും. ഈ വർഷം ഡിസംബറിൽ ഷീ ലോഡ്ജ് പ്രവർത്തനക്ഷമമാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപന യോഗത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലത അദ്ധ്യക്ഷത വഹിച്ചു.