തൊടുപുഴ: പകൽ എരിതീയിലാണെങ്കിൽ, രാത്രി വറചട്ടിയിൽ. കൊടുംചൂടിൽ നിൽക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാതെ വെന്തുരുകുകയാണ് ജനം. സൂര്യൻ കത്തിജ്വലിക്കുന്ന പകലിൽ പുറത്തിറങ്ങാൻ പോലുമാകുന്നില്ല. രാത്രി ഉറങ്ങാനാകാതെ പുഴുങ്ങാനാണ് വിധി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിലടക്കം ഒന്ന് മുതൽ മൂന്ന് ഡിഗ്രിവരെ ചൂട് കൂടിയിട്ടുണ്ട്. തൊടുപുഴയടക്കമുള്ല ലോ റേഞ്ചുകാരാണ് ഉഷ്ണത്തിന്റെ കാഠിന്യമേറെ അനുഭവിക്കുന്നത്. ചിലയിടങ്ങളിൽ ഒന്നുരണ്ടു തവണ വേനൽമഴ ലഭിച്ചെങ്കിലും പിന്നീട് മഴയുണ്ടായില്ല. ഇതോടെ, ചൂട് അസഹനീയമായ നിലയിലാണ്. സൂര്യാതപത്തിനുള്ള സാദ്ധ്യതയും വർദ്ധിച്ചു. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ് കൊടുംചൂടിൽ ഏറെ വലയുന്നത്. കത്തിക്കാളുന്ന സൂര്യനും ചുട്ടുപൊള്ളുന്ന റോഡും പൊടിശല്യവുമൊക്കെ ഇരുചക്രവാഹന യാത്രികരെ തളർത്തുന്നു. പകൽ സമയങ്ങളിൽ ടൗണുകളിൽ ആളിറങ്ങാൻ മടിക്കുകയാണ്. ഇത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പകൽ സമയങ്ങളിലെ ജോലി സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന തൊഴിലാളികൾ വെന്തുരുകാതെ വീട്ടിൽ അടുപ്പ് വേവില്ല. ജില്ലയിൽ പലയിടത്തും കാട്ടുതീയും വ്യാപകമായിട്ടുണ്ട്.
ചൂട് കൂടുതൽ തൊടുപുഴയിൽ
തൊടുപുഴ മേഖലയിലെ കൂടിയ താപനില 36- 38 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു. ഇന്നലെ 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിൽ ഈർപ്പമുള്ളതിനാൽ 40 ഡിഗ്രി സെൽഷ്യസ് ചൂടിന് തുല്യമായി ഇത് അനുഭവപ്പെടും.
വിവിധയിടങ്ങളിലെ ചൂട്
തൊടുപുഴ- 38 ഡിഗ്രി സെൽഷ്യസ്
കട്ടപ്പന- 34
അടിമാലി- 34
കുമളി- 35
ചെറുതോണി- 33
മൂന്നാർ- 31
വാഗമൺ- 35
വെന്ത് വിളകൾ
കൊടുംവേനൽ കർഷകർക്ക് വലിയ ദുരിതമാണ് തീർക്കുന്നത്. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിപോയതായി കർഷകർ പറയുന്നു. കനത്ത ചൂടിൽ പാൽ കുറഞ്ഞത് ക്ഷീരമേഖലയെയും കാര്യമായി ബാധിച്ചു. തീറ്റ പുല്ല് ഉണങ്ങി കരിഞ്ഞു പോവുന്നതും പ്രതിസന്ധിയാണ്.
അസുഖങ്ങൾ പടരുന്നു
ചൂട് കനത്തതോടെ പലതരം പകർച്ചവ്യാധി പിടിപെട്ട് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടി. പകർച്ചപ്പനി, ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയവയാണ് കൂടുതലായി പിടിപെടുന്നത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയവരും നിരവധിയാണ്.