
കരിമണ്ണൂർ: ഭാര്യയെ നിന്തരം മർദ്ദിക്കുന്നെന്ന പരാതിയെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുമുട്ടം നെല്ലാനിക്കാട്ട് സിബി ജോർജിനെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ ഭാര്യ ബിനി അഗസ്റ്റിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സിബി അകാരണമായി ഭാര്യയെ മർദ്ദിക്കുമായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. കഴിഞ്ഞ 12ന് രാത്രിയും ഇയാൾ ബിനിയെ ക്രൂരമായി മർദ്ദിച്ചു. അവശയായ ബിനിയെ അടുത്ത വാർഡിലെ ജനപ്രതിനിധിയും അയൽവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ഒരു ചെവിയുടെ കേൾവിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ദേഹമാസകലം സിഗരറ്റുകൊണ്ട് പൊള്ളിച്ച പാടുമുണ്ട്.
പത്തുവർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. സ്‌കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളും ഉണ്ട്. ഇലക്ട്രീഷ്യനായ സിബിക്ക് മദ്യപിക്കാൻ പണം തികയാതെ വരുമ്പോൾ പണം ആവശ്യപ്പെട്ടാണ് മർദ്ദനമുറകൾ നടത്തുന്നത്. അഞ്ചുവർഷം മുമ്പ് ഭർത്താവ് മർദ്ദിക്കുന്നതായി ബിനി കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് മദ്യപാനം ഒഴിവാക്കി ഒരുമിച്ചു ജീവിക്കാമെന്ന സിബിയുടെ ഉറപ്പിൽ ഒരുമിച്ചു താമസിക്കുകയുമായിരുന്നു. വീണ്ടും മർദ്ദനവും മദ്യപാനവും തുടർന്നു. ബിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.