നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ ഏലത്തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. മഞ്ഞപ്പെട്ടി സ്വദേശിയായ ജയകുമാറിനെ അപായപെടുത്തുകയായിരുന്നുവെന്ന് ആരോപണം. നെടുങ്കണ്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളിയായ ജയകുമാറിനെ കഴിഞ്ഞ ബുധനാഴ്ചയാണ് ഉടുമ്പൻചോല കള്ള് ഷാപ്പിന് സമീപത്തെ ഏലതോട്ടത്തിൽഅവശനിലയിൽ കണ്ടെത്തിയത്. ഇതിന് ശേഷം ഉടുമ്പൻചോല പോലിസ് സ്റ്റേഷനിൽ എത്തിയ ജയകുമാറിനോട് ആശുപത്രിയിൽ എത്തി ചികിത്സ നേടാൻ പൊലിസ് നിർദേശിച്ചിരുന്നു. വിഷം ഉള്ളിൽ ചെന്നതാണ് മരണത്തിന് കാരണമായതെന്നാണ് ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ വിഷം കഴിച്ചതിനുള്ള തെളിവുകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താനായില്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള യുവാവ് നിരവധി മരുന്നുകൾ കഴിച്ചിരുന്നു. മദ്യപാനാസക്തി നിയന്ത്രിക്കുന്നതിനും മരുന്ന് കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യുവാവിന്റെ ശരീരത്തുള്ള മരുന്നുകളും മദ്യവും തമ്മിൽ പ്രവർത്തിച്ച് വിഷവസ്തു ശരീരത്തിനുള്ളിൽ തന്നെ രൂപപ്പെട്ടതാകാമെന്നാണ് ഡോക്ടറുടെ പ്രാഥമിക നിഗമനം. പരിശോധനയ്ക്കയച്ച ആന്തരികാവയവങ്ങളുടെ ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളു. ഇൻക്വസ്റ്റ് നടപടികളിലും പോസ്റ്റ്മാർട്ടത്തിലും മരണകാരണമായ പരിക്കുകളൊന്നും യുവാവിന്റെ ശരീരത്തിന് പുറത്തോ അകത്തോ കണ്ടെത്താനായിട്ടില്ലെന്നും ഉടുമ്പൻചോല പൊലീസ് പറഞ്ഞു.