തൊടുപുഴ: വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 20 കിലോ ചന്ദനം പിടികൂടി. ആലക്കോട് ഇഞ്ചിയാനി കോളനിയിൽ താമസിക്കുന്ന ആയിലിക്കുന്നേൽ ജിനു വിന്റെ വീട്ടിൽ നിന്നുമാണ് ചന്ദനം പിടികൂടിയത്. തൊടുപുഴ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ചന്ദനം പിടിച്ചെടുത്തത്. വിൽപ്പനക്കായി പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു റെയ്ഡ്. പൊലീസ് സംഘമെത്തുന്നതിന് മുമ്പ് ജിനു ഇവിടെ നിന്നും രക്ഷപെട്ടിരുന്നു. ഇയ്യാളുടെ മാതാവ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. പിടികൂടിയ ചന്ദനം വനം വകുപ്പിന് കൈമാറി. തൊടുപുഴ റേഞ്ച് ഓഫീസ് അധികൃതർ സ്ഥലത്തെത്തിയിരുന്നു. അടിമാലി സ്വദേശിയായ ജിനു ഏതാനും നാളുകൾക്ക് മുമ്പാണ് ഇഞ്ചിയാനിയിൽ താമസം തുടങ്ങിയത്. ഇയ്യാളുടെ പേരിൽ വിവിധ സ്‌റ്റേഷനുകളിൽ കേസുകളുണ്ടെന്നും വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസ് എത്തുന്നതിന് ഏതാനും സമയം മുമ്പാണ് ജിനു സ്ഥലത്ത് നിന്നും രക്ഷപെട്ടതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഇതേ തുടർന്ന് സമീപത്തെ കാടുകൾ കേന്ദ്രീകരിച്ച് രാത്രിയും പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ, സർക്കിൾ ഇൻസ്‌പെക്ടർ വി.സി. വിഷ്ണു കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.