മുട്ടം: റോഡ് വിണ്ട് കീറിയതിനെ തുടർന്ന് വാഹനാപകടങ്ങൾ വർദ്ധിക്കുന്നു. മുട്ടം പെരുമറ്റം കനാലിന് സമീപം പഴയ റോഡ് ആരംഭിക്കുന്ന ഭാഗത്താണ് റോഡ് വിണ്ട് കീറിയിരിക്കുന്നത്. ഏകദേശം 25 മീറ്ററോളം നീളത്തിലാണ് റോഡ് വിണ്ട് കീറിയത്. ഒരു വർഷക്കാലമായി ഈ അവസ്ഥയാണ് ഇവിടെ. വളവും ഇറക്കവുമുള്ള ഭാഗത്താണ് റോഡ് വിണ്ട് കീറിയത് എന്നതിനാൽ ഇത് വഴിയുള്ള വാഹന ഡ്രൈവർമാർക്ക് റോഡിലെ അപകടക്കെണി പെട്ടന്ന് കാണാൻ കഴിയില്ല. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ അധികവും. വിണ്ട് കീറിയ ഭാഗത്തൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നതിനാൽ ഡ്രൈവർമാർ പെട്ടന്ന് വാഹനം വെട്ടിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ഇതേ തുടർന്ന് ചില ഇരു ചക്ര വാഹനങ്ങൾ റോഡിൽ മറിഞ്ഞ് വീണും സമീപ കച്ചവട സ്ഥാപനങ്ങളിലും റോഡരുകിലെ ഭിത്തിയിലും ഇടിച്ച് അപകടത്തിൽപെടുന്നത് നിത്യ സംഭവങ്ങളാണ്.