camara
കാഞ്ഞിരമറ്റം ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഇന്റലിജൻസ് കാമറ

തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ കണ്ണു വെട്ടിച്ചുള്ള നിയമലംഘനങ്ങൾ പിടികൂടാൻ സ്ഥാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ഏപ്രിൽ ഒന്നിന് മിഴി തുറക്കും. കാമറകളെല്ലാം സ്ഥാപിച്ച ശേഷം ട്രയൽറൺ ആരംഭിച്ചു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി കേരള മോട്ടോർ വാഹനവകുപ്പിന്റെയും കെൽട്രോണിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലാകെ 38 കാമറകളാണ് സ്ഥാപിക്കുന്നത്. തൊടുപുഴ നഗരത്തിൽ മാത്രം ആദ്യഘട്ടമെന്ന നിലയിൽ 13 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡുകളിലും വാഹനാപകടങ്ങൾ കൂടുതലുണ്ടാകുന്ന ഹോട്സ്‌പോട്ടുകളിലുമാണ് സർവേ നടത്തി കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ നിയമ ലംഘനങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്ന തരത്തിലുള്ള കാമറകളാണ് സ്ഥാപിക്കുന്നത്. സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റ്‌- വൈഫൈ സംവിധാനത്തിലൂടെ കൺട്രോൾ റൂമിലെത്തും. ഇരുചക്രവാഹനമോടിക്കുന്നവരും പിന്നിലിരിക്കുന്നവരും നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണമെന്നും അതല്ലാത്തവർ കാമറ കണ്ണിൽ കുടുങ്ങുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കാമറകൾ സ്ഥാപിക്കുന്നതോടെ അപകടങ്ങളും കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഒരു കാമറയ്ക്ക് വില ₹50,000

കെൽട്രോണാണ് ഈ ആധുനിക കാമറകൾ നിർമിച്ചിരിക്കുന്നത്. ഒരു കാമറയ്ക്ക് മാത്രം 50,000 രൂപയാണ് വില. ഇവ ഘടിപ്പിക്കാനുള്ള തൂണുകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള ചെലവ് പുറമെ വരും. കാമറകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങളെ സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ വിശദമായ പഠനം നടത്തിയിരുന്നു. കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിലാണ് പ്രധാനമായും കാമറകൾ സ്ഥാപിക്കുന്നത്.

നിയമം ലംഘിച്ചാൽ കുടുങ്ങും
നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതർ തടഞ്ഞു നിറുത്തി പിടികൂടുന്നതിന് പകരം കാമറക്കണ്ണിൽ കുടുക്കുന്നതാണ് പദ്ധതി. കാമറയിൽ യാത്രക്കാരന്റെ ഫോട്ടോ, വാഹന നമ്പർ, വാഹനം എന്നിവ പതിയും. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പിഴയടക്കാനുള്ള നോട്ടീസ് വാഹനയുടമകളെ തേടി വീട്ടിൽ വരും. ജില്ലയിൽ എവിടെ നിയമ ലംഘനം നടന്നാലും ചിത്രം തൊടുപുഴയിലെ കൺട്രോൾ റൂമിൽ ലഭിക്കും. തൊടുപുഴ വെങ്ങല്ലൂരിലുള്ള ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് കൺട്രോൾ റൂം.

പരിശോധിക്കുക നാല് നിയമലംഘനങ്ങൾ

1. ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനയാത്ര

2. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക

3. ട്രിപ്പിൾ ഡ്രൈവിംഗ്
4. വാഹനമോടിക്കുമ്പോഴുള്ള ഫോൺ ഉപയോഗം