തൊടുപുഴ: കാഞ്ഞിരമറ്റം ബൈപാസിൽ ഞായറാഴ്ച രാത്രി പൊട്ടിയ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കി കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിച്ചേക്കും. ഇന്നലെ രാവിലെ ആറ് മണിയോടെ പൈപ്പ് പൊട്ടിയ സ്ഥലം കണ്ടെത്തി അറ്റകുറ്റപണി ആരംഭിച്ചിരുന്നു. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് കാഞ്ഞിരമറ്റം ബൈപാസിൽ പൊലീസ് സ്റ്റേഷന് സമീപം പൈപ്പ് പൊട്ടിയത്. പ്രധാന പൈപ്പുകളിലൊന്ന് പൊട്ടിയതോടെ പ്രദേശത്തെ കടകളിലടക്കം വെള്ളം കയറിയിരുന്നു. എന്നാൽ വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അറ്റകുറ്റപ്പണി നീണ്ടു. റോഡിൽ കുഴിയെടുക്കാൻ പൊതുമരാമത്തിന്റെ അനുമതി ലഭിച്ചില്ലെന്ന് വാട്ടർ അതോറിട്ടിയും ഇത് സംബന്ധിച്ച് അനുമതി തേടിയുള്ള വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് പൊതുമരാമത്തും അറിയിച്ചതോടെയാണ് അറ്റകുറ്റപണികൾ നീണ്ടു പോയത്. തൊടുപുഴയിലെ കിഴക്കൻ മേഖലയിലടക്കം ഇതേ തുടർന്ന് കുടിവെള്ളവിതരണം നിലച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ തൊടുപുഴ മുനിസിപ്പൽ ചെയർമാനടക്കമിടപെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്. പണികൾ പൂർത്തിയാക്കി ഇന്ന് രാവിലെ തന്നെ കുടിവെള്ള വിതരണം ആരംഭിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.