തൊടുപുഴ: വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 20 കിലോ ചന്ദനം പിടികൂടിയ കേസിൽ പ്രതിയ്ക്കായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. പൊലീസ് വീട്ടിലെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട ആലക്കോട് ഇഞ്ചിയാനി കോളനിയിൽ താമസിക്കുന്ന ആയിലിക്കുന്നേൽ ജിനുവിനെയാണ് വനം വകുപ്പ് തിരയുന്നത്. പിടികൂടിയത് കാതലുള്ള ചന്ദനമായതിനാൽ മറയൂർ മേഖലയിൽ നിന്ന് എത്തിച്ചതാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ചന്ദനം വനംവകുപ്പിന്റെ പൂമാല ഡിവിഷൻ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. തൊടുപുഴ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ചന്ദനം പിടിച്ചെടുത്തത്. കേസ് വനംവകുപ്പിന് കൈമാറിയതിനെ തുടർന്ന് തൊടുപുഴ റേഞ്ച് ഓഫീസർ ലിബിൻ ജോസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധമുള്ള ജിനുവിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ, സി.ഐ വി.സി. വിഷ്ണു കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. തുടർന്നാണ് വിൽപ്പനയ്ക്കായി പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടിയത്. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് തൊടുപുഴ റേഞ്ച് ഓഫീസർ പറഞ്ഞു.