
കട്ടപ്പന: മുൻവൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി അതിർത്തി വനമേഖലയിൽ ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ. നെറ്റിത്തൊഴു മണിയംപെട്ടി സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാറാണ് (17)കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ പ്രവീൺ കുമാറിനെ (23) വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. മണിയംപെട്ടി ഭാഗത്തെ തമിഴ്‌നാട് അധീനതയിലുള്ള വനത്തിൽ പാറയുടെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. തന്റെ സഹോദരിയോട് മോശമായി പെരുമാറിയതിന്റെ വൈരാഗ്യത്തിലാണ് മദ്യത്തിൽ വിഷം കലർത്തി രാജ്കുമാറിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
രാജ്കുമാറിനെ കാണാനില്ലെന്ന് ബന്ധുക്കൾ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാജ്കുമാറും, പ്രവീണും കഴിഞ്ഞ ദിവസങ്ങളിൽ ഒരുമിച്ചുണ്ടായിരുന്നതായി
കട്ടപ്പന ഡിവൈ.എസ്.പി യുടെ പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രവീൺകുമാറിനെ കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. വനമേഖലയിലെ പാറപ്പുറത്തിരുന്നാണ് ഇരുവരും മദ്യപിച്ചത്. അതിനിടെ രാജ്കുമാറിന് മദ്യത്തിൽ വിഷം ചേർത്ത് നൽകുകയായിരുന്നു.രാജ്കുമാർ അബോധാവസ്ഥയിലായതോടെ പ്രവീൺ അവിടെ നിന്നു കടന്നുകളഞ്ഞു. പ്രതിയെ വനമേഖലയിൽ എത്തിച്ചാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.