prakadanam

കട്ടപ്പന :നഗരസഭയുടെ അതീനധയിലുള്ള പഴയ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കിനായി ലേലം ചെയ്തു നൽകി. സ്റ്റാൻഡിലെ വ്യാപാരികളുടെ എതിർപ്പ് മറികടന്നാണ് 2.90 ലക്ഷം രൂപയ്ക്ക് സ്വകാര്യ വ്യക്തിയ്ക്ക് ലേലം ചെയ്ത് നൽകിയത്. അടുത്ത ദിവസം തന്നെ ബസ് സ്റ്റാൻഡിൽ പാർക്കിംഗിനായുള്ള സജ്ജീകരണം ഏർപ്പെടുത്തുമെന്ന് നഗരസഭ ചെയർപേഴ്‌സൺ അറിയിച്ചു.സ്റ്റീയറിംഗ് കമ്മറ്റി യോഗത്തിലാണ് ഒഴിഞ്ഞു കിടക്കുന്ന ബസ് സ്റ്റാൻഡ് ഫീസ് വാങ്ങിയുള്ള വാഹന പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റുവാൻ തീരുമാനിച്ചത്.നഗരസഭയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നസ്ഥാപനങ്ങളും,വസ്തുവകകളും ഉപയോഗിക്കാതെയിരുന്നാൽ ഓഡിറ്റിംഗ് സമയത്ത് വിശദീകരണം നൽകേണ്ടി വരും. ഇതേ തുടർന്നാണ് വെറുതെ കിടന്നിരുന്ന
പഴയ സ്റ്റാൻഡ് ലേലം ചെയ്യുവാൻ തീരുമാനമെടുത്തത്.പതിറ്റാണ്ടുകൾക്ക് മുൻപ് മറ്റപ്പള്ളി കുടുംബമാണ് ബസ് സ്റ്റാൻഡിനായി സ്ഥലം സൗജന്യമായി നൽകിയത്.പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത് വരെ ഇവിടെ നിന്നായിരുന്നു സ്വകാര്യ കെ എസ് ആർ ടി സി ബസുകൾ ഓപ്പറേറ്റ് ചെയ്തിരുന്നത്.2010 ഓടെയാണ് പഴയ സ്റ്റാൻഡിന്റെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ചത്.ഇതിന് ശേഷം കുറച്ച് വർഷം സ്റ്റാൻഡ് ഒഴിഞ്ഞു കിടന്നിരുന്നു.
2018 ൽ കെ എസ് ആർ ടി സി സബ് ഡിപ്പോയുടെ ഓപ്പറേറ്റിംഗ് സെന്റർ പഴയ സ്റ്റാൻഡിലാക്കിയിരുന്നുവെങ്കിലും 2021 ഓടെ തിരികെ വെള്ളയാംകുടിയിലേയ്ക്ക് മാറ്റി.ഇതിന് ശേഷം മുതൽ പൊതുജനങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യുവാനാണ് സ്റ്റാൻഡ് ഉപയോഗിച്ച് പോരുന്നത്.അതേ സമയം പഴയ ബസ് സ്റ്റാൻഡിനുള്ളിലൂടെയുള്ള ബസുകൾ അടക്കമുള്ളവയുടെ ഗതാഗതം തുടരും. പുതിയ തീരുമാനം സ്റ്റാൻഡിനുള്ളിലെ വ്യാപാരികൾക്ക് ഒരു വിധത്തിലുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.


• വ്യാപാരികൾ ധർണ്ണ നടത്തി

പഴയ സ്റ്റാൻഡ് ഫീസ് വാങ്ങിയുള്ള വാഹന പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റിയാൽ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ച് പഴയ ബസ് സ്റ്റാൻഡ് സംരക്ഷണ സമിതിയും,വ്യാപാരികളും നഗരസഭാ കാര്യാലയത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. സി പി എം ഏരിയാ സെക്രട്ടറി വി. ആർ സജി സമരം ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിനുള്ളിൽ അൻപതോളം സ്ഥാപനങ്ങളാണ് പ്രവർത്തിച്ച് വരുന്നത്.ബസ് സ്റ്റാൻഡ് മാറ്റിയപ്പോൾ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.ഇനി പണം വാങ്ങിയുള്ള പാർക്കിംഗ് ഏർപ്പെടുത്തിയാൽ സ്റ്റാൻഡിനുള്ളിലേയ്ക്ക് പൊതുജനങ്ങൾ എത്താതാകുമെന്നും വ്യാപാരി നേതാക്കൾ പറയുന്നു. സ്റ്റാൻഡിനുള്ളിൽ പേ ആൻഡ് പാർക്ക് നടപ്പാക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും അവർ പറഞ്ഞു.സി പി ഐ എം നേതാക്കളായ എം സി ബിജു, കെ.പി സുമോദ്, ടോമി ജോർജ് മറ്റ് വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.