ഇടുക്കി: കേരള നെൽവയൽ സംരക്ഷണ (ഭേദഗതി) നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ലഭിച്ച അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് ആവിഷ്‌കരിച്ച കർമ്മപദ്ധതി നടപ്പിലാക്കുന്നതിനായി ഇടുക്കി റവന്യൂ ഡിവിഷന്റെ പരിധിയിലെ വില്ലേജ് ഓഫീസർമാരുടെയും കൃഷി ഓഫീസർമാരുടെയും യോഗം ചേർന്നു. ഈ നിയമപ്രകാരംജനുവരി 31വരെ ലഭിച്ചതും ഇനിയും വരെ തീർപ്പാക്കാൻ ശേഷിക്കുന്നതുമായ അപേക്ഷകൾ അടുത്ത 6 മാസത്തിനുളളിൽ തീർപ്പാക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുളളതായി ആർഡിഒ യോഗത്തിൽ അറിയിച്ചു. കൂടാതെ അപേക്ഷകളിൽ സ്വീകരിക്കേണ്ട നടപടികളും മറ്റു സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മീഷണറേറ്റിൽ നിന്നും ലഭ്യമാക്കിയ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രോസീജിയർ സംബന്ധിച്ച വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. കർമ്മപദ്ധതി മാർച്ച് 15 മുതൽ ആരംഭിച്ചതായി റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു. ഇടുക്കി റവന്യൂ ഡിവിഷന്റെ പരിധിയിലെ 50 വില്ലേജ് ഓഫീസർമാരും കൃഷി ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.