
ചെറുതോണി: മദ്യലഹരിയിൽ വൈദ്യുതി പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി, ഒന്നരമണിക്കൂറോളം പൊലീസിനെയും നാട്ടുകാരെയും ഭയാശങ്കയിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം നാലു മുപ്പതോടെയാണ് മണിയാറൻകുടി വട്ടമേട് ഈട്ടിക്കൽ ടിനീഷ് തങ്കച്ചൻ(23) ആണ് ടൗണിലെ 11 കെ വി ലൈനിന്റെ വൈദ്യുതി പോസ്റ്റിൽ കയറി ഭീഷണി മുഴക്കിയത്. ടിനീഷിന്റെ സുഹൃത്ത് പടിഞ്ഞറേക്കരയിൽ സ്വപ്നേഷുമായി ടൗണിൽ ചീത്ത വിളിച്ചത് മരത്തടി ലോറിയിൽ കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണം. തൊഴിലാളികളും യുവാവും തമ്മിൽ വക്കേറ്റവും കയ്യേറ്റവും നടന്നു ഇതേതുടർന്ന് വീട്ടിൽ പോയ യുവാവ് പിന്നീട് തിരികെ ടൗണിലെത്തി വൈദ്യുതി പോസ്റ്റിൽ കയറി ഭീഷണി മുഴക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇടുക്കി പൊലീസ് സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ചെങ്കിലും ആദ്യമൊന്നും ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ല നാട്ടുകാരും പൊലീസും ചേർന്ന് ഒരുമണിക്കൂറോളം സംസാരിച്ചാണ് താഴെയിറക്കിയത് ഈസമയം ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സ് സംഘവും സംഭവ സ്ഥലത്തെത്തിയിരുന്നു. യുവാവിനെ അനുനയിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞയക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ടിനീഷും സുഹൃത്ത് സ്വപ്നേഷും ചേർന്ന് തടി ലോഡുമായി കയറ്റംകയറി വന്ന ലോറിക്ക് മുന്നിൽ കയറി തടസ്സം സൃഷ്ടിച്ചു ഇതേ തുടർന്ന് വീണ്ടും നേരിയതോതിൽ സംഘർഷമായി പൊലീസ് ഇടപെട്ട് വീണ്ടും രംഗം ശാന്തമാക്കുകയായിരുന്നു. യുവാക്കളോട് പരാതി പോലീസ് സ്റ്റേഷനിലെത്തി എഴുതി നൽകാൻ ആവശ്യപ്പെട്ട് പോലീസ് മടങ്ങി സംഭവം അറിഞ്ഞ് ടൗണിൽ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.