
കട്ടപ്പന :കുന്തളംപാറ സഹകരണ ആശുപത്രി പോക്കറ്റ് റോഡിൽ അപകടങ്ങൾ നിത്യ സംഭവമാകുന്നു.കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായി സമീപത്തെ കടയുടെ പിന്നിലേയ്ക്ക് കാർ ഇടിച്ചു കയറിയതാണ് ഒടുവിലത്തെ സംഭവം.ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ഇറക്കമിറങ്ങി വന്ന മാരുതി കാർ നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ പിന്നിലേയ്ക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ലെങ്കിലും കാർ ഭാഗികമായി തകർന്നു. ഈ സംഭവത്തിന് മണിക്കൂറുകൾ മുൻപ് പൊട്ടിപ്പൊളിഞ്ഞ ഫുട്പാത്തിൽ തെന്നിവീണ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപും സമാന രീതിയിൽ വീണ് മറ്റൊരു സ്ത്രീയ്ക്ക് പരിക്ക്പറ്റിയിരുന്നു.പഴയ സ്റ്റാൻഡിൽ നിന്ന് വരുന്ന ബസുകൾക്ക് പുതിയ സ്റ്റാൻഡിലേയ്ക്ക് എളുപ്പത്തിൽ പോകുന്നതിനായിട്ടാണ് കോൺക്രീറ്റ് പാത നിർമ്മിച്ചത്.ഇറക്കിമിറങ്ങി ബസ് സ്റ്റാൻഡ് റോഡിലേയ്ക്ക് പോകുന്നതിന് വൺവേ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും വാഹനങ്ങൾ ഇത് പാലിക്കാറില്ല.ഇത് അപകടത്തിനും ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്. റോഡിനിരുവശത്തുമുള്ള പൊട്ടിപ്പൊളിഞ്ഞ ഫുട്പാത്തുകൾ പുന:സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.