തൊടുപുഴ: കോലാനി അമരംകാവിന് സമീപം ഡ്രൈവിംഗ് ടെസ്റ്റ് നടന്നിരുന്ന ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം മോട്ടോർവാഹനവകുപ്പിന് തന്നെയെന്ന് തെളിഞ്ഞു. തഹസിൽദാരുടെയും താലൂക്ക് സർവേയരുടെയും നേതൃത്വത്തിൽ സ്ഥലം അളന്ന് തിരിച്ച് മോട്ടോർവാഹന വകുപ്പിന് നൽകി.

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി (എം.വി.ഐ.പി) അധികൃതർ മോട്ടോർവാഹന വകുപ്പിന് 2020 സെപ്തംബറിൽ കൈമാറിയ 22.98 സെന്റ് സ്ഥലത്തായിരുന്നു വർഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റ് നടന്നുവന്നിരുന്നത്. എന്നാൽ കഴിഞ്ഞ മാസം 21ന് പ്രദേശവാസികളായ ചിലർ ഇത് തങ്ങളുടെ കളിസ്ഥലമാണെന്ന് അവകാശപ്പെട്ട് ഗ്രൗണ്ട് കൈയേറി വല കെട്ടിയടച്ചു. ഇതോടെ അന്നത്തെ ദിവസം നൂറുകണക്കിന് പേരുടെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിരുന്നു. തുടർന്ന് തൊടുപുഴ സി.ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തൊടുപുഴ തഹസിൽദാർ ജോസ്കുട്ടി,​​ ജോയിന്റ് ആർ.ടി.ഒ എസ്.എസ്. പ്രദീപ്,​ എസ്.ഐ കൃഷ്ണൻനായർ,​ എം.വി.ഐ.പി അസി. എക്സിക്യൂട്ടീവ് എൻജിനിയർ രമ്യ എന്നിവരുടെ സാന്നിദ്ധ്യത്തിൽതാലൂക്ക് സർവേയർ അൻസ്മോൻ അതി‌ർത്തി അളന്നുതിരിച്ച് കല്ലിട്ടത്.

അതേസമയം പ്രദേശവാസികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമീപത്ത് കളിസ്ഥലം നിർമിച്ച് നൽകാമെന്ന് മോട്ടോർ വാഹനവകുപ്പ് സമ്മതിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായിസ്ഥലത്തെ കാടുവെട്ടി മണ്ണിട്ട് നിരപ്പാക്കി നൽകിയിട്ടുണ്ട്.