
ഇടുക്കി: സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെ ഓറഞ്ച് മുന്നറിയിപ്പ് നിർദ്ദേശപ്രകാരം ജില്ലയിലെ ചെറുതോണിയിൽ നടത്തിയ മോക്ഡ്രിൽ ആദ്യം ആശങ്കയ്ക്കും പിന്നെ ആകാംക്ഷയ്ക്കും ഒടുവിൽ ആശ്വാസത്തിനും വഴിമാറി. ജില്ലയിൽ ഉരുൾപൊട്ടൽ മോക്ഡ്രിൽ നടത്താനായിരുന്നു നിർദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് ലഭിച്ച ഉടൻ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രദേശ നിവാസികളെ ഒഴിപ്പിക്കുന്ന നടപടിയായിരുന്നു ആദ്യം. കിടപ്പുരോഗി ഉൾപ്പെടെയുള്ളവരെ ദുരന്ത സാദ്ധ്യതാ പ്രദേശത്തു നിന്ന് പ്രതീകാത്മകമായി സ്ട്രച്ചറിൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീടുണ്ടായ 'മണ്ണിടിച്ചിലിലകപ്പെട്ടവരെ' കോണി ഉപയോഗിച്ചും, കയർ ഉപയോഗിച്ചും, തോളിലേറ്റിയും രക്ഷപ്പെടുത്തി. കമ്പിയ്ക്കുള്ളിൽ കുരുങ്ങിയ വ്യക്തിയെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്. മണ്ണിൽ പുതഞ്ഞയാളെ ജെസിബി ഉപയോഗിച്ച് മോക്ഡ്രില്ലിൽ പുറത്തെടുത്തു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ റവന്യു, പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യം, മോട്ടോർ വാഹന വകുപ്പ്, ഇൻഫർമേഷൻ ഓഫീസ്, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ള മുന്നൊരുക്കം വ്യക്തമാക്കുന്ന വിധത്തിലുള്ള മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലാ കലക്ടർ ഷീബ ജോർജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് തുടങ്ങിയവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
കൂടാതെ ഫയർ ആന്റ് റെസ്‌ക്യൂ അംഗങ്ങളായ കെ വി ജോസ് , പി എൻ സജികുമാർ, അനീഷ് പി റോയ്, അനിൽകുമാർ പീതാംബരൻ, സജിൻ , മുകേഷ് എം, ജിബിൻ ലാൽ, ശ്യാം കുമാർ എം എസ് , അജയകുമാർ സി , ജോബി ജോർജ് ജോമോൻ ജോസഫ്,കെ ആർ മാത്യു , സാം മാത്യു അബ്ദുൽ മുനീർ, അനിൽ ഗോപി, ആര്യനന്ത് മുരളി എന്നിവരുംസിവിൽ ഡിഫൻസ് ടീമംഗങ്ങളായ ബിനീഷ് ബി ദാസ്, അലൻ കെ ജോസ്, ജിനോ മാത്യു അജ്മൻഷാ, ടോമിൻ അഗസ്റ്റിൻ , ആൽബർട്ട് റോയ്, എന്നിവരും മോക്ഡ്രില്ലിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.