ഇടുക്കി: 12- 14 പ്രായത്തിലുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ജില്ലയിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ട് മൂന്നിന് ഇടുക്കി മെഡിക്കൽ കോളേജിൽ 20 കുട്ടികൾക്ക് വാക്‌സിൻ നൽകി. മൊബൈൽ ആപ്പ് തകരാറിലായതിനാലാണ് രാവിലെ വാക്സിനേഷൻ ആരംഭിക്കാനാകാത്തത്. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോർബിവാക്‌സ് എന്ന പുതിയ വാക്‌സിനാണ് നൽകുന്നത്. ഒരു ബോട്ടിൽ വാക്‌സിൻ 20 കുട്ടികൾക്ക് ഉപയോഗിക്കാം. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്‌സിനാണ് നൽകുക. പുതിയ പ്രായ വിഭാഗത്തിലെ കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിക്കുന്ന വിവരം തിങ്കളാഴ്ച വൈകുന്നേരമാണ് കേന്ദ്രം അറിയിച്ചത്. 2008, 2009, 2010 വർഷങ്ങളിൽ ജനിച്ച, ഇപ്പോൾ 12 വയസ് തികഞ്ഞവർക്ക് വാക്‌സിൻ സ്വീകരിക്കാം. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഏകദേശം 42,​000 കുട്ടികളാണ് ഈ പ്രായത്തിനിടയിലുള്ളത്. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഈ വാക്‌സിൻ ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ് അറിയിച്ചു.