തൊടുപുഴ: നഗരത്തിൽ കാഞ്ഞിരമറ്റം ബൈപാസിൽ പൊട്ടിയ പ്രധാന പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് പൈപ്പ് ലൈനിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയത്. ഇന്നലെ കുടിവെള്ള വിതരണം ഭാഗികമായി പുനരാരംഭിച്ചു. ഇന്ന് നഗരത്തിൽ പൂർണമായും ജലവിതരണം നടത്താൻ കഴിയുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് പൊലീസ് സ്റ്റേഷന് സമീപത്തെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയത്. തുടർന്ന് പ്രദേശത്തെ കടകളിലടക്കം വെള്ളവും ചെളിയും കയറുകയും മൂന്നു ദിവസത്തോളം കിഴക്കൻ മേഖലയിലേക്കുള്ള ജലവിതരണം തടസപ്പെടുകയും ചെയ്തിരുന്നു. പൊലീസ് അറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിട്ടി അധികൃതർ വാൽവ് പൂട്ടിയാണ് വെള്ളമൊഴുക്ക് നിയന്ത്രിച്ചത്. എന്നാൽ തകരാർ പരിഹരിക്കുന്നതിന് റോഡ് കുഴിക്കാൻ പൊതുമരാമത്ത് അധികൃതർ തടസം നിന്നതോടെ അറ്റകുറ്റപ്പണി വൈകി. തുടർന്ന് നഗരസഭ അധികൃതർക്ക് പുറമെ മന്ത്രി റോഷി അഗസ്റ്റിനും പി.ജെ. ജോസഫ് എം.എൽ.എയും ഇടപെട്ടതിനെ തുടർന്നാണ് റോഡ് കുഴിയ്ക്കാൻ പൊതുമരാമത്ത് അധികൃതർ അനുമതി നൽകിയത്. എന്നാൽ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന പൈപ്പുകൾ കാലഹരണപ്പെട്ടതായതിനാലാണ് പതിവായി പൈപ്പ് പൊട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു.