കുടയത്തൂർ: കോളപ്ര ജങ്ഷന് സമീപം നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് വൈദ്യുതി തൂൺ തകർത്തു. ഇന്നലെ രാവിലെ 7.15 നായിരുന്നു അപകടം മൂലമറ്റം ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് റോഡിലൂടെ നടന്നു വരികയായിരുന്ന പ്ലാത്തോട്ടത്തിൽ സുജാത (60) യെ ഇടിച്ചതിനു ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് വീണ സുജാതയെ ഓടിക്കൂടിയ നാട്ടുകാർ പുറത്തെത്തിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൂമാല മേത്തൊട്ടി സ്വദേശി സതീഷ് ചന്ദ്രനാണ് കാറോടിച്ചിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് സൂചന. കോളപ്ര ജംഗ്ഷനിൽ നിന്നും പാൽ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സുജാതയെ കാർ ഇടിച്ചിട്ടത്. വൈദ്യുതി തൂണിൽ ഉടക്കി നിന്നില്ലായിരുന്നെങ്കിൽ കലുങ്കിൻ്റെ അടിയിലേക്ക് കാർ വീഴുമായിരുന്നു. കാർ ഇടിച്ച് വൈദ്യുതി തൂൺ തകർന്നതോടെ കോളപ്ര, അടൂർമല ,ശരംകുത്തി ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് വരെ വൈദ്യുതി മുടങ്ങി.