
ആലക്കോട്: ഇളംദേശം ബ്ലോക്കു പഞ്ചായത്തിന് 32 കോടി രൂപ വരവും ഒന്നര ലക്ഷം രൂപ നിക്കിയിരുപ്പും ഉള്ള മിച്ച ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഡാനിമോൾ വർഗീസ് അവതരിപ്പിച്ചു.. ആലക്കോട് മൾട്ടിപർപ്പസ് ഔട്ട്‌ഡോർ സ്‌റ്റേഡിയം,കരിമണ്ണൂർ വട്ടക്കാവിൽ പാലം ചെക്ക് ഡാം,തൊമ്മൻകുത്ത് കുടിവെള്ള പദ്ധതിക്കുള്ള പ്രത്യേക ഫണ്ട് വനിതകൾക്ക് ടൂൾ കിറ്റ് എന്നിവ എടുത്തു പ്രധാന പദ്ധതികളാണ്.
തെങ്ങ്, നെല്ല്, പഴവർഗങ്ങൾ, വിവിധയിനം പച്ചക്കറികൾ എന്നിങ്ങനെ കാർഷിക വിളകളുടെ ഉത്പ്പാദന വർദ്ധനവും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ഗ്രൂപ്പ് അടിസ്ഥാന കൃഷിവികസനത്തിന് ഇക്കോ ഷോപ്പ്, ഇ.ഇ.സി മാർക്കറ്റ് എന്നിവയും വിഭാവനം ബഡ്ജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.
ഇളംദേശം സി.എച്ച് സി യിൽ ആംബുലൻസ്, പാലിയേറ്റീവ് രോഗികൾക്ക് ഓക്‌സിജൻ സിലണ്ടർ എന്നിവ ലഭ്യമാക്കുമെന്ന് ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം പാലിയേറ്റീവ് രോഗികൾക്ക് വിവിധോദ്ദേശ കട്ടിലും മെത്തയും നൽകും. ഓട്ടിസം ഉള്ള കുട്ടികൾക്കായി കരിമണ്ണൂരിൽ വിദ്യാലയത്തോട് കൂടിയ ഓട്ടിസം പാർക്ക് സ്ഥാപിക്കും
തിരഞ്ഞെടുത്ത പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ ശുചിമുറികളുടെ നിർമ്മാണം, ഭവനനിർമ്മാണ രംഗത്ത് എസ്.സിഎസ്.ടി. വിഭാഗങ്ങൾക്ക് മുന്തിയ പരിഗണന എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ സ്പർശിക്കുന്നതാണ് ബഡ്ജറ്റ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ അദ്ധ്യക്ഷത വഹിച്ച ബഡ്ജറ്റ് യോഗത്തിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മാരായ ടോമി കാവാലം, ആൻസി സോജൻ, സിബി ദാമോദരൻ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ ആയ കെ. എസ്. ജോൺ, നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, കെ. കെ. രവി, ഷൈനി സന്തോഷ്, ജിനോ കുരുവിള, മിനി ആന്റണി, ടെസ്സിമോൾ മാത്യു, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ സാമ്പത്തിക വർഷത്തിലേക്ക് സംസ്ഥാനത്ത് ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് എന്ന ഖ്യാതിയും, ഇളദേശം ബ്ലോക്ക് പഞ്ചായത്തിനാണ്. നടപ്പു സാമ്പത്തിക വർഷത്തെ ധന വിനിയോഗത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്താണ് ഇളംദേശം .