
കുമളി: പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് എക്സിക്യുട്ടിവ് എൻജിനിയർക്കൊപ്പം കേരള പൊലീസിൽ നിന്ന് വിരമിച്ച എസ്.ഐമാരടക്കമുള്ള നാലംഗ സംഘം ബോട്ട്യാത്ര നടത്തി. തമിഴ്നാടിന്റെ ബോട്ടിൽ ഞായറാഴ്ച നടത്തിയ യാത്ര വിവാദമായതോടെ മുല്ലപ്പെരിയാർ പൊലീസ് കേസെടുത്തു. വിരമിച്ച എസ്.ഐമാരായ റഹീം, അബ്ദുൾസലാം, ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ ജോൺ വർഗീസ്, ഇയാളുടെ മകൻ വർഗീസ് ജോൺ എന്നിവർക്കെതിരെയാണ് അനുമതിയില്ലാതെ സന്ദർശിച്ചതിന് കേസെടുത്തത്.
കുമളി സ്വദേശികളായതിനാലും സർവീസിലിരിക്കെ അവിടെ ജോലിയിലുണ്ടായിരുന്നതിനാലും റഹീമിനും അബ്ദുൾസലാമിനും തമിഴ്നാട് എൻജിനിയറെ അറിയാമായിരുന്നു. അതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ പേരുകൾ ജി.ഡി രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല. തേക്കടിയിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സന്ദർശകരെ തിരിച്ചറിഞ്ഞത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ഡീൻ കുര്യാക്കോസ് എം.പിയടക്കമുള്ളവർക്ക് ഡാമിലേക്ക് കേരള പൊലീസ് സന്ദർശനാനുമതി നിഷേധിച്ചിരുന്നു. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ നിരന്തരമായ ആവശ്യത്തിന് ശക്തി പകരുന്നതാണ് കേരള പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച.