അടിമാലി: കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി മുറിച്ച് കടത്തിയ കേസിൽ ഇറച്ചി വാങ്ങിയ ഒരാൾ പിടിയിൽ. പ്രതി കണ്ണനിൽ നിന്ന് ഇറച്ചി വാങ്ങിയ അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്ന ബൈസൺവാലി മുട്ടുകാട് വെള്ളപ്പണിയിൽ ജിമ്മി ആന്റണിയെയാണ് (49) വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം 13 ആയി.ഈ കേസിൽ വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്ത കണ്ണനിൽ നിന്ന് 28 കിലോ ഇറച്ചി താൻ വാങ്ങിയിരുന്നതായി ജിമ്മി ഉദ്യോഗസ്ഥർ മുമ്പാകെ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന് ഫെബ്രുവരി 15നാണ് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അടിമാലി വനംവകുപ്പ് റേഞ്ച് ഓഫീസർ കെ.വി. രതീഷ് അറിയിച്ചു. ഒമ്പത് വയസിനടുത്ത് പ്രയാമുള്ളതും 600 കിലോയിലേറെ തൂക്കം വരുന്നതുമായ കാട്ടുപോത്തിനെ വെടിവെച്ച് കൊന്നതായാണ് വ്യക്തമായിട്ടുള്ളത്. മച്ചിപ്ലാവ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബിനോജ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുധാമോൾ ഡാനിയേൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അൻവർ, ഷെജിൽ, ജോബി, വാച്ചർ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നൽകുന്നത്.