തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്താഭ്യമുഖ്യത്തിൽ തൊടുപുഴ നഗരസഭ ജനപ്രതിനിധികൾക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലനം ശ്രദ്ധേയമായി. മോട്ടോർ വാഹന വകുപ്പിന്റെ കോൺഫറൻസ് ഹാളിൽ നഗരസഭ കൗൺസിലർമാർക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച പരിശീലനത്തിൽ ഡ്രൈവിങ്ങ് അറിയാവുന്നവരും അല്ലാത്തവരുമായ കൗൺസിലർമാർ ഏറെ താല്പര്യത്തോടെയാണ് പങ്കെടുത്തത്. വാഹനങ്ങൾ സ്വയം ഡ്രൈവ് ചെയ്യുമ്പോൾ മാത്രമല്ല മറ്റുള്ളവർ ഡ്രൈവ് ചെയ്യുമ്പോഴും സുരക്ഷിത്വം പാലിക്കാൻ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഏറെ ജാഗ്രതയുണ്ടാകും എന്നുള്ള ഉറച്ച തീരുമാനത്തോടെയാണ് ഏവരും പരിശീലന ഹാളിൽ നിന്ന് പുറത്തേക്ക് വന്നത്. "അപകട രഹിത ഇടുക്കി (സേവ് ലീവ്സ്, സ്ലോ ഡൗൺ )" എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കളക്ടർ ഷീബ ജോർജ്ജ് പദ്ധതിയുടെ ജില്ലാ തലത്തിലുള്ള ഉദ്ഘാടനം നിർവഹിച്ചു. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദീൻ പി.എ മുഖ്യ പ്രഭാഷണം നടത്തി. എൻഫോഴ്‌സ്മെന്റ് ആർ ടി ഒ നസീർ പി. എ,സൈക്കോളിജിസ്റ്റ് എസ് രാധാകൃഷ്ണൻ എന്നിവരാണ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയത്.