ഇടുക്കി: ഇടുക്കി പാക്കേജിന്റെ ഭാഗമായി സംസ്ഥാന ബജറ്റിൽ അനുവദിച്ചിട്ടുള്ള 75 കോടി രൂപയ്ക്കുള്ള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ.ആർ. രാംകുമാർ, ആസൂത്രണ ബോർഡ് കൃഷി വിഭാഗം ചീഫ് എസ്.എസ് നാഗേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉന്നതതലയോഗം ചേർന്നു. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾക്ക് പുറമെയാണ് ജില്ലയ്ക്ക് മാത്രമായി 75 കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ കണ്ടെത്തുകയാണ് ലക്ഷ്യം.
ഉല്പാദനം, പശ്ചാത്തലവികസനം, വിദ്യാഭ്യാസം, സേവനം തുടങ്ങിയ മേഖലകളിൽ കൃത്യമായ ഗുണഫലം ലഭിക്കുന്നതും ജനങ്ങൾക്ക് നേരിട്ട് ഉപയോഗപ്രദവുമായ പദ്ധതികൾക്കാണ് പാക്കേജിൽ മുൻതൂക്കം നല്കുന്നത്. ജില്ലയിൽ ഹൃദ്‌രോഗ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ കുറവാണെന്ന് യോഗം വിലയിരുത്തി.
ഇന്റർനെറ്റ് കവറേജ്, പൊതു വിദ്യാലയങ്ങൾക്ക് അടിസ്ഥാന സൗകര്യം, ജീവനക്കാർക്ക് ഹോസ്റ്റൽ സൗകര്യം, ആയുർവേദത്തിൽ ഹെൽത്ത് ടൂറിസം, മോഡൽ വാട്ടർഷെഡ് പഞ്ചായത്ത്, ഫുഡ് ടെസ്റ്റിംഗ് ലാബ്, മറയൂർ ശർക്കര പാക്കിംഗ് യൂണിറ്റും മോഡൽ പ്രൊഡക്ഷൻ യൂണിറ്റും, ക്ഷീരമേഖലയിൽ ചില്ലിംഗ് മെഷീൻ, ട്രെയിനിംഗ് സെന്റർ, ക്ഷീരസംഘങ്ങൾക്ക് വാഹന സൗകര്യം, ഹോമിയോപതി ഹോർമോൺ അനലൈസർ എന്നിവ ലഭ്യമാക്കുന്നതുൾപ്പെടെ വിവിധ വകുപ്പുകൾ നടപ്പുവർഷം പൂർത്തീകരിക്കാൻ സാധിക്കുന്ന പദ്ധതികളെ കുറിച്ചുള്ള നിർദ്ദേശങ്ങളും രൂപരേഖയും യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്, ജില്ലാ ആസൂത്രണ സമിതിയംഗങ്ങൾ, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ.സാബു വർഗീസ്, നവകേരള മിഷൻ കോഓർഡിനേറ്റർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.