നെടുങ്കണ്ടം:ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിയ വീട്ടമ്മയുടെ വിലാസത്തിലേക്ക് ഓൺലൈൻ വ്യാപാര ശ്യംഖലയുടേതെന്ന വ്യാജേന സ്‌ക്രാച്ച് കാർഡ് രജിസ്‌ട്രേഡായി അയച്ചു നൽകി തട്ടിപ്പിന് ശ്രമം. തപാലിൽ വന്ന കത്തും സ്‌ക്രാച്ച് കാഡും തട്ടിപ്പാണെന്ന തിരിച്ചറിഞ്ഞതിനാൽ പണം നഷ്ടമായില്ല. സമാനമായ സംഭവം ജില്ലയിൽ ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

നെടുങ്കണ്ടം മുല്ലവേലിൽ എം.എസ്.ഷാജിയുടെ ഭാര്യ മിനി ഷാജിയുടെ പേരിലാണ് തിങ്കളാഴ്ച ഓൺലൈൻ വ്യാപാര ശ്യംഖലയുടെ പേരും ലോഗോയുമുള്ള കത്തും സ്‌ക്രാച്ച് കാർഡും വന്നത്. കത്ത് ലഭിച്ചതിന് പിന്നാലെ 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്ന സന്ദേശം ലഭിച്ചിതായി വിവരക്കുന്ന ഒരു മെസ്സേജ് വീട്ടമ്മയുടെ മൊബൈലിലേക്ക് വന്നു. കാര്യം എന്താണെന്ന് മനസിലാവാഞ്ഞതിനാൽ കത്തും കാർഡും വീട്ടമ്മ പൊതുപ്രവർത്തകനായ ഭർത്താവ് ഷാജിക്ക് കൈമാറി.
ഷാജി സന്ദേശം അയച്ച നമ്പരിലേക്ക് തിരികെ വിളിച്ചപ്പോൾ, ഓൺലൈൻ വ്യാപാര ശ്യംഖലയിലെ ജീവനക്കാരണെന്ന രീതിയിൽ മലയാളവും ബംഗാളിയും കലർന്ന് ഭാഷയിൽ ഒരാൾ കാര്യങ്ങൾ വശദീകരിച്ചു. 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നും, തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതിനായി അക്കൗണ്ട് വിവരങ്ങളും, യു.പി.ഐ. ഇടപാടിലൂടെ 12,000 രൂപയും അയാൾ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടപ്പോൾ തന്നെ ഇത് തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടതോടെ കോൾ കട്ട് ചെയ്തതായുംഷാജി പറഞ്ഞു. പണം നഷ്ടപ്പെടാത്തതിനാൽ വീട്ടമ്മ പരാതികളൊന്നും നൽകിയിട്ടില്ല.

കഴിഞ്ഞ സെപ്തംബറിൽ തൂക്കുപാലത്ത് ഇലക്ട്രോണിക്‌സ് കട നടത്തുന്ന വ്യാപാരിയുടെ വിലാസത്തിലും ഓൺലൈൻ വ്യാപാര ശ്യംഖലയുടെ പേരിൽ സമാനരീതിയിൽ കത്തും സ്‌ക്രാച്ച് കാർഡും വന്നിരുന്നു. അന്ന് വ്യാപാരിക്ക് കാർഡ് ചുരുണ്ടിയപ്പോൾ ലഭിച്ച സമ്മാനം ആഡംബര കാറായിരുന്നു. തട്ടിപ്പ് തിരച്ചറിഞ്ഞതിനാൽ വ്യാപാരിക്കും അന്ന് പണം നഷ്ടമായിരുന്നില്ല. രണ്ട് മാസങ്ങൾക്ക് മുമ്പ് നിലവിലില്ലാത്ത മൊബൈൽ സേവനദാതാവിന്റെ പേരിൽ നടത്തിയ തട്ടിപ്പിൽ നെടുങ്കണ്ടം സ്വദേശിയായ യുവാവിന് 4000 രൂപ നഷ്ടമായിരുന്നു.