തൊടുപുഴ: റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുന്ന പ്രഖ്യാപനമായ സംസ്ഥാന ബ‌ഡ്ജറ്റിലെ ഭൂമിയുടെ ന്യായവില വർദ്ധന പിൻവലിക്കണമെന്ന് വസ്തു വ്യാപാര തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2010ൽ ന്യായവില നിശ്ചയിച്ചതിന് ശേഷം ഇടതുവലതു സർക്കാരുകൾ ഓരോ ബഡ്ജറ്റിലും ഭൂമിയുടെ വില 200 ശതമാനം വരെ കൂട്ടിയിരുന്നു. ഒരു വസ്തു രണ്ട് മൂന്ന് തവണ പേര് മാറിക്കഴിയുമ്പോഴേക്കും ഭൂമിവിലയേക്കാൾ തുക സർക്കാരിന് നൽകേണ്ടി വരുന്നു. ഇതുകൊണ്ട് ഭൂമി വിനിമയം കുറഞ്ഞുവരികയാണ്. വികസനപ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്തും സിറ്റികളിലും മാത്രമാണ് 2010നെ അപേക്ഷിച്ച് മാർക്കറ്റ് വില ഉയർന്നിട്ടുള്ളത്. കൃഷിയിടങ്ങളിലും തോട്ടംമേഖലയിലുമൊന്നും മാർക്കറ്റ് വില കൂടിയിട്ടില്ലെന്ന് മാത്രമല്ല 2010നേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ചെറിയ തോതിലെങ്കിലും കച്ചവടം നടക്കുന്നത്. വസ്തു വിൽപ്പന കുറയുന്നതിനനുസരിച്ച് സർക്കാരിന്റെ വരുമാനവും കുറയും. അത് പരിഹരിക്കാനാണ് ഭൂമിയുടെ ന്യായവില വർദ്ധിപ്പിക്കുന്നത്. എന്നാൽ ഇടപാടുകൾ കുറയുമെന്നല്ലാതെ കാര്യമായ പ്രയോജനം ഇതുവഴി സർക്കാരിനുണ്ടാകുന്നില്ല. അതിനാൽ എത്രയും വേഗം ബഡ്ജറ്റ് തീരുമാനം പിൻവലിച്ച് റിയൽ എസ്റ്റേറ്റ് മേഖലയെ പുഷ്ടിപ്പെടുത്താനുള്ല നടപടികൾ സ്വീകരിക്കണം. ഇത് സംബന്ധിച്ച് ധനമന്ത്രിക്ക് ഉടൻ നിവേദനം നൽകും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ആർ. ഷാജി, വർക്കിംഗ് പ്രസിഡന്റ് വി.വി. മാത്യു, വൈസ് പ്രസിഡന്റ് എം.ആർ. നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പോൾ ജേക്കബ്, ജോഷി തയ്യിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.