തിരുവനന്തപുരം: ഭൂപതിവ് ചട്ടങ്ങളിൽ ചട്ടഭേദഗതിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് അഡ്വ. ജനറലിനെയും റവന്യൂ അഡി. ചീഫ് സെക്രട്ടറിയെയും നിയമവകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. നിയമസഭയിൽ പി.ജെ.ജോസഫ് എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചട്ടഭേദഗതിയെ സംബന്ധിച്ച് ഉയർന്ന വിഷയങ്ങൾ പരിശോധിച്ച് 2019 ആഗസ്റ്റ് 22ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ മൂന്നുതവണ യോഗം ചേർന്നു. ചട്ടഭേദഗതിക്ക് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.