mount
കല്യാണത്തണ്ട് മലനിരയുടെ ഭാഗമായ നിർമ്മലാസിറ്റി വ്യൂ പോയിന്റ്

• വിൻഡ്മിൽ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത് കട്ടപ്പന നഗരസഭ

കട്ടപ്പന : ഇടതടവില്ലാതെ കാറ്റ് വീശുന്ന കല്യാണതണ്ട് മലനിരകളിലെ ടൂറിസം സാദ്ധ്യതകൾക്ക് വലിയ പ്രതീക്ഷ നൽകാവുന്ന വിൻഡ്മിൽ പദ്ധതിയ്ക്ക് രൂപം നൽകാൻ ഒരുങ്ങുകയാണ് കട്ടപ്പന നഗരസഭ.കല്യാണത്തണ്ടിന്റെ ഭാഗമായ നിർമ്മലാസിറ്റി വ്യൂ പോയിന്റിലാണ് പത്തോളം കാറ്റാടി യന്ത്രങ്ങളും,സൗരോർജ പാനലുകളും സ്ഥാപിക്കാനായി ശ്രമം ആരംഭിച്ചത്. കല്യാണത്തണ്ട് മേഖലയിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കാൻ കഴിയുമെന്ന പഠന റിപ്പോർട്ടുണ്ട്.ഇതേ തുടർന്നാണ്
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.ഉടനെ തന്നെ നഗരസഭ സ്ഥലം വിട്ട് കിട്ടുന്നതിന് അടക്കമുള്ള അനുമതിയ്ക്കായി സർക്കാരിന് രൂപരേഖ സമർപ്പിക്കും.റവന്യൂ വകുപ്പിന്റെ അധീനതയിലാണ് കല്യാണത്തണ്ടിലെ പുറമ്പോക്ക് ഭൂമിയുള്ളത്.1995 ലെ ലാൻഡ് അസസ്‌മെന്റ് റൂൾ പ്രകാരവും,മുൻസിപ്പൽ കോർപ്പറേഷൻ റൂൾ പ്രകാരവും ഈ ഭൂമി തുശ്ചമായ വിലയ്ക്ക് നഗരസഭയ്ക്ക് വാങ്ങുവാനോ അല്ലെങ്കിൽ പാട്ടക്കരാർ വഴിയോ ഏറ്റെടുക്കാൻ കഴിയും. കാറ്റാടിപ്പാടത്തിന് പച്ചക്കൊടി കാട്ടിയാൽ കേന്ദ്രസർക്കാർ സഹായത്തോടെ സംസ്ഥാന ഊർജ വകുപ്പിന് കീഴിലുള്ള അനെർട്ടിനാണ് നിർമ്മാണ ചുമതല നൽകുവാൻ സാധ്യത.
പദ്ധതി യാഥാർത്ഥ്യമായാൽ വിൻഡ്മിൽ സ്ഥാപിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ആദ്യത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനമാകും കട്ടപ്പന നഗരസഭ.


• വൈദ്യുതി ഉത്പ്പാദനം വഴി വരുമാനം

കാറ്റാടി യന്ത്രങ്ങളിൽ നിന്നും, സൗരോർജ പാനലുകളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയിൽ നഗരസഭയുടെ ആവശ്യം കഴിഞ്ഞുള്ളത് ഡബിൾ മീറ്ററിംഗിലൂടെ കെ എസ് ഇ ബി ക്ക് വിലയ്ക്ക് നൽകുന്ന തരത്തിലാണ് ആശയം .ഇതുവഴി അധിക വരുമാനം നഗരസഭയ്ക്ക് ലഭിക്കും. പാരമ്പര്യേതര ഊർജ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2013 2016 കാലയളവിൽ പ്രത്യേക കമ്മീഷൻ ഇടുക്കിയിൽ നിരന്തരമായി കാറ്റ് വീശുന്ന സ്ഥലങ്ങളിൽ പഠനം നടത്തിയിരുന്നു. ഈ പഠനത്തിലാണ് കല്യാണത്തണ്ട് കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് വ്യക്തമായത്.


'വിനോദ സഞ്ചാരത്തിന് അനന്തസാധ്യതകളുള്ള പ്രദേശമാണ് കല്യാണത്തണ്ട്.വിൻഡ്മിൽ പദ്ധതി യാഥാർത്ഥ്യമായാൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം സർക്യൂട്ട് എന്ന ആശയവും നഗരസഭയുടെ ആലോചനയിലുണ്ട്. ഇരിപ്പിടങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാകും സർക്യൂട്ട് രൂപപ്പെടുത്തി എടുക്കുക, കളക്ട്രേറ്റിൽ നടന്ന വികസന യോഗത്തിൽ ഈ പദ്ധതി അവതരിപ്പിച്ചു'

ബീനാ ജോബി, ചെയർപേഴ്‌സൺ

കട്ടപ്പന നഗരസഭ