തൊടുപുഴ: മുട്ടം പൊലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൈതൃക സ്റ്റേഷൻ ആക്കുന്നതിനുള്ള പദ്ധതി തുടക്കത്തിൽ തന്നെ പാളി. ചില നേരങ്ങളിൽ സ്റ്റേഷനിലെ പൊലീസുകാർ വിശ്രത്തിന് വേണ്ടി പഴയ കെട്ടിടം ഉപയോഗിക്കുമെങ്കിലും മിക്കവാറും സമയങ്ങളിൽ വെറുതെ കിടക്കുകയാണ്. പതിറ്റാണ്ടുകളോളം പഴക്കമുണ്ട് ഈ കെട്ടിടത്തിന്. കാഞ്ഞാർ പൊലീസ് സ്റ്റേഷന്റെ കീഴിൽ 1949 ജൂൺ 18 മുതലാണ് ഇവിടെ പൊലീസ് ഔട്ട് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പിന്നീട് ഔട്ട് പോസ്റ്റ് പൊലീസ് സ്റ്റേഷന്റെ പദവിയിലേക്ക് ഉയർത്തുകയും 2020 ഒക്ടോബർ 26 ന് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഭിത്തി ഉൾപ്പെടെ കരിങ്കല്ലിൽ നിർമ്മിച്ച പഴയ കെട്ടിടം പൈതൃക സ്റ്റേഷനായി നിലനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ജില്ലയിൽ പൊലീസ് വകുപ്പിന്റെ ചരിത്രം, വകുപ്പിന്റെ അപൂർവ്വ ശേഖരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള മ്യൂസിയും, ലൈബ്രറി എന്നിങ്ങനെ വിവിധ ഉദ്ദേശങ്ങളോടെയാണ് പൈതൃക സ്റ്റേഷന് പദ്ധതി ആവിഷ്ക്കരിച്ചത്. ഇത് സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗം കരിമണ്ണൂർ സെക്ഷനെയാണ് ചുമതലപ്പെടുത്തിയതും. കെട്ടിട നിർമ്മാണ വിഭാഗം അധികൃതർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് നടപടികൾ ചുവപ്പ് നാടയിൽ കുരുങ്ങിയ അവസ്ഥയിലാണ്.
ചോർന്നൊലിക്കുന്ന കെട്ടിടം
മഴ പെയ്താൽ പഴയ കെട്ടിടം പൂർണ്ണമായും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. ഇതേ തുടർന്ന് മേൽക്കൂര ദ്രവിച്ച് അടർന്ന് വീണ് അപകടാവസ്ഥയിലുമാണ്. സ്റ്റേഷനിൽ പരാതി നൽകാനും മറ്റും എത്തുന്ന പൊതുജനത്തിന് ഇരിക്കാനുള്ള സൗകര്യം ഒരിക്കിയിരിക്കുന്നതും ഈ കെട്ടിടത്തിനോട് ചേർന്നാണ് എന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.
"കത്ത് മുഖേനയും ഫോണിലും കെട്ടിടത്തിന്റെ നവീകരണം സംഭന്ധിച്ച് നിരവധി പ്രാവശ്യം പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗത്തെ അറിയിച്ചതാണ്. എസ്റ്റിമേറ്റ് എടുത്ത് പോയതിന് ശേഷം പിന്നീട് തുടർ നടപടികൾ ആയിട്ടില്ല"
വി. ശിവകുമാർ, എസ് എച്ച് ഒ,
മുട്ടം