 
നെടുങ്കണ്ടം: മദ്യ ലഹരിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠന് വെടിയേറ്റു. രാജാക്കാട് കുരിശുപാറ കൂനംമാക്കൽ സിബിയ്ക്കാണ് (49) എയർഗൺ ഉപയോഗിച്ചുള്ള വെടിയേറ്റത്. സംഭവത്തിൽ ഇളയ സഹോദരൻ സാന്റോയെ (38) പൊലീസ് തിരയുന്നു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. കുരിശുപാറയിൽ താമസിക്കുന്ന സിബിക്ക് സാന്റോയുടെ വീടിനു സമീപം ഏല തോട്ടമുണ്ട്. ബുധനാഴ്ച സിബിയും ഒരു സഹായിയും ഇവിടെയെത്തി ഏലത്തിന് കീടനാശിനി തളിച്ചിരുന്നു. പണി തീർന്ന ശേഷം വൈകിട്ട് മോട്ടോറും പണിസാധനങ്ങളും സാന്റോയുടെ വീട്ടിൽ വച്ചു. തുടർന്ന് സാന്റോയോടൊപ്പം പുറത്തേക്ക് പോയി. മൂവരും മദ്യപിച്ച ശേഷം ആറരയോടെ തിരികെ വീട്ടിലെത്തി. ഈ സമയം സാന്റോ മറ്റൊരു സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇത് ഇഷ്ടപ്പെടാത്ത സിബി ഈ സുഹൃത്തിനെ പറഞ്ഞു വിടണമെന്ന് ആവശ്യപ്പെട്ടു. എങ്കിൽ നിങ്ങളും വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് സാന്റോ സിബിയോടും സഹായിയോടും പറഞ്ഞു. മരുന്ന് തളിക്കുന്ന മോട്ടോറും പണി സാധനങ്ങളും എടുത്തു കൊണ്ടു പോകാൻ സിബി ശ്രമിച്ചെങ്കിലും സാന്റോ സമ്മതിച്ചില്ല. തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ സിബി ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെത്തി സഹോദരൻ വീട്ടിൽ നിന്ന് ഇറക്കി വിട്ട കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്റെ മോട്ടോറും പണി സാധനങ്ങളും സാന്റോയുടെ വീട്ടിലാണെന്നും അത് എടുക്കണമെന്നും സിബി പറഞ്ഞു. സിബി മദ്യ ലഹരിയിലായിരുന്നതിനാൽ മോട്ടോർ നാളെ എടുക്കാമെന്നും ഇപ്പോൾ അവിടേക്ക് പോകരുതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരോട് പറഞ്ഞു. ഇത് സമ്മതിച്ച് സ്റ്റേഷനിൽ നിന്നിറങ്ങിയ സിബിയും സഹായിയും വീണ്ടും സാന്റോയുടെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുമായി വീടിനു പുറത്തിറങ്ങിയ സാന്റോ വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ വെടിയേറ്റ സിബിയെ നാട്ടുകാർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കഴുത്തിലാണ് വെടിയേറ്റതെങ്കിലും അന്നനാളം വഴി ശ്വാസകോശത്തിലെത്തിയ പെല്ലറ്റ് 5 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. സിബി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് ശേഷം സാന്റോ ബൈക്കിൽ കയറി സ്ഥലം വിട്ടതായി നാട്ടുകാർ പറയുന്നു. സാന്റോയ്ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തതായും പ്രതിയെ ഉടൻ പിടികൂടുമെന്നും ഉടുമ്പൻചോല സി.ഐ ഫിലിപ് സാം പറഞ്ഞു. സാന്റോയുടെ പേരിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകളും ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിൽ രണ്ട് പരാതികളും നിലവിലുണ്ട്.