തൊടുപുഴ: സർക്കാർ- നിയമ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ജില്ലയിൽ വ്യാപകമാകുന്നു. ഏറ്റവുമൊടുവിലെ സംഭവമാണ് ചീനിക്കുഴിയിൽ ഒരു കുടുംബത്തിലെ രണ്ട് സഹോദരിമാർ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള മുത്തച്ഛനാൽ വെന്ത് മരിച്ചത്. കഴിഞ്ഞ 5 വർഷത്തെ കണക്കുകൾ പ്രകാരം ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭയാനകമായ അവസ്ഥയിൽ തുടരുകയാണ്. കുട്ടികൾക്കെതിരെയുള്ള വിവിധ തരത്തിലുള്ള അതിക്രമങ്ങളും അവർ കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നതും അവരുടെ അവകാശങ്ങൾ ഹനിക്കുന്നതുമായ സംഭവങ്ങൾ ജില്ലയിൽ കൂടുന്നതായി ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. പോക്സോ ഉൾപ്പെടെ കുട്ടികൾക്കെതിരെയുള്ള വിവിധ തരത്തിലുള്ള അതിക്രമങ്ങൾ തടയുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും പ്രാദേശികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിൽ നിരവധി നിയമ സംവിധാനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം വെറും പ്രഹസനങ്ങളായി മാറുന്ന കാഴ്ചയാണ്. ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിങ്ങനെ വ്യത്യാസമില്ലാതെയാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതും. സ്വന്തം വീടുകൾ, ബന്ധുക്കൾ, അനാധാലയങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ,പ്രൊട്ടക്ഷൻ സെല്ലുകൾ, ഒബ്സർവ്വേഷൻ ഹോമുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന ശാലകൾ എന്നിവിടങ്ങളിലെല്ലാം ചെറുതും വലുതുമായ വിവിധ തരത്തിലുളള അ തിക്രമങ്ങൾ കുട്ടികൾക്ക് നേരെ ഉണ്ടാകുന്നുണ്ട്. പോക്സോ നിയമത്തിന്റെ പരിധിയിലുള്ള ലൈംഗിക അതിക്രമങ്ങൾ മാത്രമല്ല അവരെ മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, അവകാശങ്ങൾ ഇല്ലാതാക്കൽ, മദ്യം- മയക്ക് മരുന്ന്, മോഷണം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കൽ എന്നിങ്ങനെയുളള കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമ വ്യവസ്ഥിതിയാണ് നിലവിലുള്ളത്. എങ്കിലും ഈ നിയമ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതും. പൊലീസിലും മറ്റ് സംവിധാനങ്ങളിലും രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പുറത്ത് അറിയുന്നത്. അറിയപ്പെടാത്ത സംഭവങ്ങൾ ഇതിലും ഏറെയാണ്.
സംവിധാനം അനവധി
തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രാദേശിക സമിതികൾ, ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ ശിശുക്ഷേമസമിതി, സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ശിശുസംരക്ഷണ യൂണിറ്റ്, കളക്ടർ ഉൾപ്പെടുന്ന ജില്ലകൾ കേന്ദ്രീകരിച്ചുള്ള സമിതി, സംസ്ഥാന ബാലാവകാശ കമ്മിഷൻ, കോടതിയുടെ നിയന്ത്രണത്തിലുള്ള ജൂവനൈൽ ജസ്റ്റിസ് ബോർഡ്, എന്നിങ്ങനെ വിവിധ അതോറിട്ടികൾ കുട്ടികൾക്കായി പ്രവർത്തിക്കുന്നുണ്ട്.