ചെറുതോണി : വരണ്ടുണങ്ങുകയാണ് നാട് ,കുടിവെള്ളപ്രശ്‌നം അതി രൂക്ഷവും. കാർഷികവിളകൾ കരിഞ്ഞുണങ്ങുന്നതിനാൽ ഭക്ഷ്യ പ്രതിസന്ധിയും സാമ്പത്തിക ബുദ്ധിമുട്ടും വേറെ, എന്തുവിലകൊടുത്തും വെള്ളം വാങ്ങേണ്ട അവസ്ഥ. ഈ സാഹചര്യത്തിൽ വലിയ ആശ്വാസമാകേണ്ട പദ്ധതിയാണ് വിയറ്റ്‌നാം കുടിവെള്ള പദ്ധതി. കഞ്ഞിക്കുഴി പഞ്ചായത്തിലെ വരിക്കമുത്തൻ വിയറ്റ്‌നാം കുന്ന് മേഖലയിൽ 30 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ ആയുസ്സ് കേവലം ഒരു മാസം മാത്രമായിരുന്നു. വണ്ണപ്പുറം പഞ്ചായത്തിലെ ഒന്ന് രണ്ട് മൂന്ന് വാർഡുകളും കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനാറ്, പതിനേഴ്, പതിനെട്ട് വാർഡുകളിലും കുടിവെള്ളം ഏറ്റവും സുലഭമായി ലഭിക്കേണ്ട പദ്ധതിയായിരുന്നു വിയറ്റ്‌നാം കുടിവെള്ള പദ്ധതി .മാത്യു സ്റ്റീഫൻ ഇടുക്കി എംഎൽഎ ആയിരുന്ന കാലത്താണ് പദ്ധതി ആരംഭിച്ചത്. വരുംകാലങ്ങളിലെ വരൾച്ച മുന്നിൽ കണ്ട് ദീർഘവീക്ഷണത്തോടെ ആരംഭിച്ച പദ്ധതിയാണ് തുടക്കത്തിലേ നിലച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെയും വണ്ണപ്പുറം പഞ്ചായത്തിലെയും നൂറുകണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാകേണ്ട പദ്ധതി ഇന്ന് നാശോന്മുഖമായ ടാങ്കും തുരുമ്പെടുത്ത പൈപ്പുകളും മാത്രമുള്ള സ്മാരകമായി നിലനിൽക്കുകയാണ് .വിയറ്റ്‌നാം കുന്നിൽ സ്ഥിതിചെയ്യുന്ന ടാങ്കിലേക്ക് വെള്ളമെത്തിക്കാൻ നിർമ്മിച്ച വെണ്മണിയിലെയും വരിക മുതലയും കുളങ്ങൾ നാശത്തിന്റെ വക്കിലാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ വിയറ്റ്‌നാമിൽ ആണ് ജല സംഭരണി സ്ഥിതി ചെയ്യുന്നത് എന്നതിനാൽ താഴ്ന്ന പ്രദേശങ്ങളായ വെണ്മണി, വരിക്കമുത്തൻ, ഇഞ്ചപ്പാറ, പട്ടയക്കുടി, തെക്കൻതോണി, തട്ടേക്കൽ, ആനക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും നിലവിൽ ഈ പ്രദേശത്തെ കുടുംബങ്ങൾ കുടിവെള്ളം അമിത വില കൊടുത്തു വാങ്ങുകയാണ് കാർഷിക മേഖല ആയതിനാൽ തന്നെ ജലത്തിന്റെ ദൗർലഭ്യം കൃഷിയെയും ബാധിച്ചത് സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാക്കി.

മന്ത്രിക്ക് നിവേദനം നൽകും

വിയറ്റ്‌നാം കുന്ന് പദ്ധതി പുനരുജ്ജീവിപ്പിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ മണ്ഡലത്തിലെ ജനപ്രതിനിധികൂടിയായ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെ നേരിൽകണ്ട് നിവേദനം നൽകാൻ തയാറെടുക്കയാണ് ..

അടിയന്തിരമായി പരിഹാരം കാണും

വരിക്കമുത്തൻ വെണ്മണി മേഖലകളിലേയും കഞ്ഞിക്കുഴി പഞ്ചായത്തിലെ മുഴുവൻ പ്രദേശത്തെയും കുടിവെള്ള ക്ഷാമത്തിന് ഉടനടി പരിഹാരം കാണും വിയറ്റ്‌നാം കുന്നിലെ കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കാൻ കഴിയുമോ എന്ന് പരിശോധിച്ച ശേഷം സാദ്ധ്യമെങ്കിൽ പുനസ്ഥാപിക്കും .അല്ലെങ്കിൽ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വീടുകളിലും കുടിവെള്ളം അടിയന്തിരമായി എത്തിക്കാൻ നടപടി സ്വികരിക്കും.

ജോർജ് ജോസഫ്
(ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഞ്ഞിക്കുഴി)